ബുധനാഴ്‌ച, മാർച്ച് 10, 2010

അദ്ധ്യാപകരോട്...

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച UGC സ്കീം, പാക്കേജായി സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലഘട്ടങ്ങളായി നടത്തി വന്നിരുന്ന സമരത്തിന്‍െറ ഭാഗമായി, 17.02.2010 മുതല്‍ KPCTA സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാരസമരം അനുഷ്ഠിക്കുകയുണ്ടായി. അതോടൊപ്പം ഇടതുപക്ഷ അദ്ധ്യാപക സംഘടനയും അവരുടേതായ സമരമാര്‍ഗങ്ങളില്‍ സജീവമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 3 ന്, അദ്ധ്യാപക സംഘടനാ പ്രതിനിധികള്‍ ബഹു. വിദ്യാഭ്യാസമന്ത്രിയുമായി ഒരു അനുരഞ്ജന ചര്‍ച്ച നടത്തുകയും, അതേ തുടര്‍ന്ന് സംഘടനകള്‍ സമരത്തില്‍ നിന്നും പിന്തിരിയുകയും ചെയ്തു. എന്നാല്‍ അടുത്തദിവസം വന്ന പത്രവാര്‍ത്തയില്‍ , യു.ജി.സി. പാക്കേജ്, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി, പെന്‍ഷന്‍ പ്രായം ഉയര്‍ത്താതെ, ശമ്പള സ്കെയില്‍ മാത്രം ഉയര്‍ത്തി, മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചു എന്നു വായിക്കുകയുണ്ടായി. നാം എന്തിനു വേണ്ടി സമരം ചെയ്തു എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു. ഭരണമുന്നണിയിലെ പ്രധാന രാഷ്ട്രീയ കക്ഷിയുടെ അദ്ധ്യാപക സംഘടനയുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്തുകൊണ്ടെന്നപോലെ,, 'യജമാനന്‍ ' കൊടുത്തതുകൊണ്ട് അവര്‍ക്കും തൃപ്തിപ്പെടേണ്ടി വന്നു.

പിന്നീട് മാര്‍ച്ച് 5 ന് ബഹു. ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ , കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമായി. 2006 ന് due ആയ യു.ജി.സി. ശമ്പള പരിഷ്കരണം, മുന്‍കാല പ്രാബല്യം പോലും ഇല്ലാതെ, കേവലം ശമ്പളപരിധി ഉയര്‍ത്തി, മാര്‍ച്ച് മാസം മുതല്‍ അദ്ധ്യാപകര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചു എന്നു പറയുകയുണ്ടായി. ഏകദേശം നാലു വര്‍ഷം, അദ്ധ്യാപകര്‍ക്ക് ലഭിക്കേണ്ടിയിരുന്ന ശമ്പള വര്‍ദ്ധനവു പോലും സര്‍ക്കാര്‍ ഇവിടെ തമസ്കരിച്ചു. അദ്ധ്യാപകരെ വെറും ഏഴാം കൂലികളായാണ് കേരള സര്‍ക്കാര്‍ കാണുന്നത് എന്നതിന് വേറെ എന്തു തെളിവാണ് വേണ്ടത്? ഇതര ജീവനക്കാരുടെയും, അസംബ്ലി അംഗങ്ങളുടെയും എല്ലാം, സേവന വേതന വ്യവസ്ഥകള്‍ യഥാസമയം പരിഷ്കരിക്കുകയും, അതും യാതൊരു ചര്‍ച്ചകളോ പബ്ലിക്ക് സ്റ്റണ്ടുകളോ കൂടാതെ നടപ്പിലാക്കുകയും ചെയ്യുന്ന സമയത്ത്, എന്തിന് കോളെജ് അദ്ധ്യാപകര്‍ക്ക്, ന്യായമായി, കേന്ദ്ര സര്‍ക്കാറിന്‍െറ ധനസഹായത്തോടെ ലഭിക്കേണ്ട ആനുകൂല്യം, അവരെ തെരുവില്‍ വരെ വലിച്ചിഴച്ച് വെറും കോമാളികളാക്കി അവസാനിപ്പിക്കുന്നത്? ഇത് കേരള സര്‍ക്കാരിന്‍െറ ഉന്നത വിദ്യാഭ്യാസ മേഖലയോടുള്ള സമീപനത്തിന്‍െറ മറ്റൊരു മുഖം മാത്രമാണ്.

നമ്മള്‍ ഒന്ന് മനസ്സിലാക്കണം. ഈ ശമ്പളപരിഷ്കരണത്തിന്‍െറ പ്രധാന വിലങ്ങുതടിയായി വര്‍ത്തിച്ചത്, CPI യുടെ നിലപാടായിരുന്നു. ഇത് കേവലം രാഷ്ട്രീയതാല്പര്യം ലാക്കാക്കിയുള്ള ഇരട്ടത്താപ്പ് നയമാണ്. ഏറ്റവും കൂടുതല്‍ തൊഴിലവസരമുള്ള ബാങ്കിംഗ് മേഖലയിലെ പ്രബലയൂണിയന്‍ AIBEA (All India Bank Employees Association), CPI യുടെ പ്രധാന പോഷക സംഘടനയാണ്. ബാങ്കിംഗ് മേഖലയിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ അവരോടൊപ്പം നിന്ന ആ CPI യാണ്, തൊഴിലവസരങ്ങള്‍ താരതമ്യേന കുറവുള്ളതും, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും, അക്കാദമിക മികവും , പ്രവര്‍ത്തി പരിചയവും കൂടുതലായി ആവശ്യമുള്ള കോളെജ് അദ്ധ്യാപകരുടെ നിയമന ചട്ടങ്ങളെ കണ്ണുമടച്ച് എതിര്‍ക്കുന്നത്. ഒന്നു മനസ്സിലാക്കണം; മികച്ച ഗവേഷകരുടെ ആവശ്യം മുന്നില്‍ കണ്ടുകൊണ്ട്, യു.ജി.സി., ഗവേഷണ പരിചയം ഉള്ളവര്‍ക്ക് നിയമനത്തിനായി കൂടുതല്‍ പരിഗണന കൊടുക്കുന്നുണ്ട്. ഇത്തരത്തിലുള്ള മികവോടെ, ശരാശരി 30-35 വയസ്സോടുകൂടിമാത്രമേ ഒരു വ്യക്തിക്ക്, അദ്ധ്യാപന നിയമനത്തിനായി എത്തിച്ചേരാന്‍ സാധിക്കയുള്ളൂ. വിദ്യാഭ്യാസമുള്ള ആര്‍ക്കും ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. അങ്ങനെയെത്തുന്ന ഈ അദ്ധ്യപകരുടെ സേവനം വെറും 15-20 വര്‍ഷം മാത്രമേ, ഈ മേഖലയ്ക് ലഭ്യമാകുന്നുള്ളൂ. ഇവിടെ ഉന്നതവിദ്യാഭ്യസമേഖലയുടെ ഗുണപരമായ മാറ്റത്തിനാണ്, ഈ രാഷ്ട്രീയ സംഘടനകളും മറ്റ് പ്രതിലോമശക്തികളും വിലങ്ങുതടിയായി നില്ക്കുന്നത്. 9 വര്‍ഷം അദ്ധ്യാപക നിയമനം നിരോധിച്ചിരുന്ന സമയത്ത്, ഈ രാഷ്ട്രീയ സംഘടനകളും, മറ്റുള്ളവരും എവിടെയായിരുന്നു?

ഈ സാഹചര്യത്തിലാണ്, നമ്മള്‍ അദ്ധ്യാപകര്‍ ആത്മപരിശോധനക്ക് തയ്യാറാകേണ്ടത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു അവസ്ഥ നമുക്ക് വന്നു ചേര്‍ന്നത്? നമുക്ക് ഒരു കൂട്ടായ്മയുണ്ടോ ? രണ്ട് അദ്ധ്യാപകസംഘടനകള്‍ നിലവിലുണ്ടെങ്കിലും, ബഹുഭൂരിപക്ഷം വരുന്ന മറ്റ് അദ്ധ്യാപകര്‍ ‍ ഭിന്നിച്ച് നില്ക്കുകയാണ്. അതുകൊണ്ട് തന്നെ, നമ്മള്‍ അദ്ധ്യാപകര്‍ക്ക്, നല്ല രീതിയില്‍ സര്‍ക്കാരിലോ, മറ്റ് അധികാരസ്ഥാനങ്ങളിലോ ഫലപ്രദമായി സമ്മര്‍ദ്ദം ചെലുത്താന്‍ സാധിക്കുന്നില്ല. നമുക്ക് അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കാതെ പോകുന്നത് ഇതുകൊണ്ടാണ്. ഇനിയുള്ളകാലം, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ , നമ്മളുള്‍പ്പെടുന്ന പൊതുമേഖലയുടെ സാന്നിദ്ധ്യം കുറഞ്ഞുവരികയാണ്. അതോടൊപ്പം നമ്മുടെ വിലപേശാനുള്ളകഴിവും. ഒന്നോര്‍ക്കുക... “United we stand, Divided we fall”

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ