വ്യാഴാഴ്‌ച, ജൂലൈ 20, 2023

വ്യക്തിതാല്പര്യങ്ങൾക്ക് ഉപരിയാകണം രാജ്യതാൽപ്പര്യം: രാമായണം നൽകുന്ന സന്ദേശം

രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകമേത് എന്ന ചോദ്യത്തിന്, വിക്രമാദിത്യ മഹാരാജാവിന്റെ സദസ്സിലെ പണ്ഡിതശ്രേഷ്ഠനായ  വരരുചി നൽകിയ ഉത്തരം എന്ന് വിശ്വസിക്കുന്ന, വാത്മീകി രാമായണത്തിലെ അതിപ്രശസ്തമായ ശ്ലോകമാണ് 

രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവിം വിദ്ധി
ഗച്ഛ താത യഥാസുഖം

 ദശരഥന്റെ ഇംഗിതമനുസരിച്ച് പതിന്നാല് സംവത്സരം കാനനവാസത്തിനായി പോകുന്ന രാമനെയും സീതയെയും അനുഗമിക്കുന്ന ലക്ഷ്മണന്, 'അമ്മ സുമിത്ര കൊടുക്കുന്ന ഉപദേശമാണിത്. വനവാസക്കാലത്ത്, ശ്രീരാമനെ അച്ഛനായി കരുതണം, സീതാദേവി അമ്മയായും, മഹാകാനനത്തിനെ അയോദ്ധ്യയായും കണ്ടു, സുഖമായി പോയി വരിക മകനെ എന്നാണ് ഈ ശ്ലോകത്തിന്റെ ലളിതമായ അർത്ഥം. മാനുഷിക ബന്ധങ്ങളുടെ  മൂല്യത്തിനും ഊഷ്മളതക്കും വളരെയധികം അർത്ഥം കൽപ്പിക്കുന്ന ഈ ശ്ലോകം തരുന്ന സന്ദേശം, രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം എന്ന് പറയുന്നതിൽ പണ്ഡിതന്മാർക്കിടയിൽ രണ്ടഭിപ്രായമില്ല. ഇതേ സന്ദർഭം അദ്ധ്യാത്മരാമായണത്തിലെ അയോദ്ധ്യാകാണ്ഡത്തിൽ എഴുത്തച്ഛൻ  വിവരിക്കുന്നത് ഈ വരികൾക്കൊണ്ടാണ്.


രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചുകൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചുകൊൾ
പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കിൽ സുഖമായ് വരിക തേ


സമകാലീന ലോകത്ത് രാമായണം പറഞ്ഞു തരുന്ന വലിയ ഒരു പാഠമാണ് യുദ്ധകാണ്ഡത്തിലെ അടുത്തടുത്ത ഭാഗങ്ങളായ രാവണ കുംഭകർണ്ണ സംവാദത്തിലൂടെയും രാവണ വിഭീഷണ സംവാദത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്ന ചില ആശയങ്ങൾ. രാജ്യഹിതത്തിനല്ലാതെ, ധർമ്മിഷ്ടനല്ലാത്ത രാവണൻ തന്റെ കേവലമായ ലൗകിക തൃഷ്ണയ്ക്ക് വേണ്ടി മാത്രം അന്യസ്ത്രീയെ അപഹരിച്ചുകൊണ്ടു വരികയും അതിന് രാജ്യത്തിന്റെ തന്നെ വിശാല താൽപ്പര്യങ്ങൾ ബലികൊടുക്കുകയും ചെയ്യുന്നതിനെ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവണ്ണം ഈ സഹോദരങ്ങൾ വിമർശനബുദ്ധ്യാ രാവണനെ പറഞ്ഞു മനസിലാക്കി കൊടുക്കുന്ന സന്ദർഭം നമുക്കിവിടെ കാണുവാൻ സാധിക്കും. 


“ജീവിച്ചു ഭൂമിയില്‍ വാഴ്കെന്നതില്‍ മമ
ദേവത്വമാശു കിട്ടുന്നതു നല്ലതും
ഇപ്പോള്‍ ഭവാന്‍ ചെയ്ത കര്‍മ്മങ്ങളൊക്കെയും
ത്വല്‍ പ്രാണഹാനിക്കുതന്നെ ധരിക്ക നീ.."


എന്ന് കുംഭകർണ്ണൻ രാവണനെ സ്നേഹപൂർവ്വം ഉപദേശിക്കുകയാണ്.  ഈ ഉപദേശം ചെവിക്കൊള്ളാത്ത രാവണനെ, സ്വാർത്ഥലാഭത്തിനായി രാജ്യതാല്പര്യത്തെ തമസ്കരിക്കുന്നത് തന്റെ തന്നെ നാശത്തിനടവരുത്തുമെന്ന് പറഞ്ഞുകൊണ്ട്, ഗത്യന്തരമില്ലാതെ സഹോദരനുവേണ്ടി യുദ്ധത്തിനായി ഇറങ്ങിപുറപ്പെടുന്ന കുംഭകർണ്ണനെയാണ് നമുക്കിവിടെ കാണുവാനാകുന്നത്. 

തുടർന്ന് വരുന്ന വിഭീഷണൻ കുറേകൂടി പ്രായാഗികമതിയായ രാഷ്ട്ര തന്ത്രജ്ഞനിന്നവണ്ണമാണ് രാവണനെ ഉപദേശിക്കുന്നത്. തനിക്കു ഹിതകരമായ കാര്യങ്ങൾ മാത്രം പറഞ്ഞു, അധർമ്മത്തിന്റെ പാതയിൽ നിന്നും വ്യതിചലിപ്പിക്കാൻ തയ്യാറാകാത്ത ബന്ധുക്കൾ, ആപത്തു വരുമ്പോൾ അടുത്തുണ്ടാവില്ലെന്നും അധർമ്മത്തിലൂടെയുള്ള രാജാവിന്റെ ചര്യ  രാജാവിനും അതുവഴി രാജ്യത്തിന്റെയും നാശത്തിന് ഇടവരുത്തുമെന്നും വിഭീഷണൻ രാവണനെ ഓർമ്മപ്പെടുത്തുന്നു.   ഈ ഉപദേശങ്ങളൊക്കെ ചെവിക്കൊള്ളാത്ത രാവണൻ വിഭീഷണനെ ഭീഷണിപ്പെടുത്തുകയും 


‘മൃത്യുവശഗതനായ പുരുഷനു
സിദ്ധൌഷധങ്ങളുമേൽക്കയിലേതുമേ.
പോരുമിവനോടിനി ഞാൻപറഞ്ഞതു
പൌരുഷംകൊണ്ടു നീക്കാമോ വിധിമതം?
ശ്രീരാമദേവപാദാംബോജമെന്നി മ-
റ്റാരും ശരണമെനിക്കില്ല കേവലം.


എന്ന് പറഞ്ഞുകൊണ്ട് വിഭീഷണൻ ശ്രീരാമ സവിധത്തിലേക്ക് എത്തിച്ചേരുന്നു.


ഈ ഭാഗങ്ങളിലൂടെ,  കേവലം വ്യക്തിതാല്പര്യങ്ങൾക്കുപരിയായി രാജ്യതാൽപ്പര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ രാമായണത്തിന്റെ സന്ദേശമായി നമുക്ക് പറഞ്ഞു തരുന്നു. സ്വാർത്ഥലാഭത്തിനുവേണ്ടി രാജാവിനെ തന്റെ അധർമ്മപ്രവർത്തികളെയെല്ലാം  ന്യായീകരിച്ചു പിന്താങ്ങുന്ന ബന്ധുജനങ്ങളുടെ പ്രവർത്തി ആത്യന്തികമായി രാജ്യഹിതത്തിനും അതുവഴി രാജാവിനുതന്നെയും നാശം വരുത്തുമെന്ന യാഥാർഥ്യം അടിവരയിട്ടു പറയുന്നു. ഇന്നിന്റെ രാഷ്ട്രീയ സാഹചര്യങ്ങളിലും ഈ ആശയങ്ങൾ എത്രത്തോളം പ്രസക്തമാണെന്നും നമുക്ക് വിലയിരുത്താവുന്നതാണ്.  



ബുധനാഴ്‌ച, മേയ് 17, 2023

സർവ്വീസ് സംഘടനകൾക്ക് എന്ത് പ്രസക്തി?

    ജനാധിപത്യം ആഘോഷിക്കപ്പെടുന്നത്, ജനാധിപത്യ വ്യവസ്ഥിതിയിൽ ഉള്ള വ്യവസ്ഥാപിത ഘടകങ്ങൾ ജനകീയമാകുമ്പോഴാണ് അല്ലെങ്കിൽ ജനാധിപത്യപരമായി പ്രവർത്തിക്കുമ്പോഴാണ്. അത്തരം ഘടകങ്ങൾ, അല്ലെങ്കിൽ ജനകീയ പ്രസ്ഥാനങ്ങൾ ആണ്, ഒരോ രാഷ്ട്രീയ സംഘടനകളും, സർവ്വീസ് സംഘടകൾ ഉൾപ്പടെയുള്ള അവയുടെ പോഷകസംഘടനകളും. ഇത്തരം സംഘടനാസംവിധാനങ്ങൾ എല്ലാം ജനാധിപത്യപരമായി വേണം പ്രവർത്തിക്കാൻ. അല്ലെങ്കിൽ അത് ജനാധിപത്യ സംവിധാനത്തിന്റെ ജനാധിപത്യ സ്വഭാവത്തിന് മാറ്റം വരുത്തും, അതുവഴി ജനാധിപത്യത്തിന്റെ നിലനില്പിനെത്തന്നെ ചോദ്യം ചെയ്യും. 

    പൂർണ്ണമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ജനാധിപത്യസ്വഭാവത്തിനെപറ്റി ഇപ്പോൾ പരാമർശിക്കാൻ ഉദ്ദേശിക്കുന്നില്ല. കാരണം ഒരു രാഷ്ട്രീയസംഘടനയുടെ പൊതുവെയുള്ള സ്വഭാവം, ആ പ്രസ്ഥാനത്തിന്റെ നിയമാവലിയുമായി ബന്ധപ്പെട്ട വസ്തുതകളും പ്രഖ്യാപിതലക്ഷ്യങ്ങളും, അവയുടെ പ്രവർത്തന സ്വഭാവവും മറ്റുമാണ്. ഇതുമായി ഐക്യപ്പെട്ടു പോകുന്നവരായിരിക്കും ഈ പ്രസ്ഥാനങ്ങളുടെ അംഗങ്ങൾ. എന്നാൽ സർവ്വീസ് സംഘടനകൾ ഉൾപ്പടെയുള്ള അവയുടെ പോഷകസംഘടനകൾ, തങ്ങൾ പ്രതിനിധാനം ചെയ്യുന്ന അംഗങ്ങളുടെ പ്രത്യേകമായ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്. ഓർക്കുക, ഇവിടെ പറഞ്ഞിരിക്കുന്ന അവകാശങ്ങളും താൽപ്പര്യങ്ങളും തീർച്ചയായും സമൂഹത്തിന്റെ വിശാലമായ താൽപ്പര്യങ്ങളും അവകാശങ്ങളും ഹനിച്ചുകൊണ്ടാകരുത്, അതായത് തീവ്രസ്വഭാവമുള്ള സംഘടന സ്വഭാവം (militant trade unionism) ആകരുത് എന്നർത്ഥം. എന്നാൽ നിയമപരവും തൊഴിൽപരവും സാമൂഹികവുമായ, അർഹമായ എല്ലാ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കാൻ കെൽപ്പുള്ള സംഘടനകളായിരിക്കണം, ഇത്തരം സംഘടനകൾ അല്ലെങ്കിൽ സർവീസ് സംഘടനകൾ. അതല്ലാതെ, തങ്ങളുടെ രാഷ്ട്രീയ മേലാളന്മാരുടെ 'ആവശ്യങ്ങളും അവകാശനങ്ങളും' സംരക്ഷിക്കുവാനുള്ള വെറും ഉപകരണങ്ങൾ ആകരുത്. അത് തങ്ങളുടെ യഥാർത്ഥ ശക്തിയായ അംഗങ്ങളുടെ മേൽപ്പറഞ്ഞ അർഹമായ  ആവശ്യങ്ങളെയും അവകാശങ്ങളെയും ഹനിച്ചുകൊണ്ട് എടുക്കുന്ന ഒരു നിലപാടാണ് എന്നുള്ളതിൽ യാതൊരു തർക്കവുമില്ല. അവിടെ ജനാധിപത്യം ധ്വംസിക്കപ്പെട്ടു എന്ന് വേണം കരുതാൻ. അത്തരം സംഘടനകൾ കൊണ്ട് തങ്ങൾ പ്രതിനിധാനം ചെയ്യുന്ന അംഗങ്ങൾക്കോ, സമൂഹത്തിനോ, ഹിതകരമായ ഒരു പ്രവർത്തിയും ചെയ്യുന്നുവെന്ന് അവകാശപ്പെടാൻ യാതൊരു അർഹതയുമില്ല. 

    കേവലം സ്ഥാനമാനങ്ങൾക്കോ പദവികൾക്കോവേണ്ടി അംഗങ്ങളുടെ അർഹമായ അവകാശങ്ങൾ തമസ്കരിക്കുന്ന 'നേതാക്കന്മാരാണ്' സർവ്വീസ് സംഘടനകളുടെ പ്രസക്തിയെ ചോദ്യം ചെയ്യുന്നത്. മാത്രമല്ല, യാഥാർഥ്യങ്ങളെ സമർത്ഥമായി മൂടിവച്ചുകൊണ്ട് തങ്ങളുടെ ഭാഗം ഭംഗിയായി ന്യായീകരിക്കുവാൻ കഴിയുന്നവരാണ് (ആടിനെ പട്ടിയാക്കാൻ കെൽപ്പുള്ളവർ)  ഇന്ന് പൊതുവെ നേതാക്കന്മാരായി അവരോധിക്കപ്പെടുന്നവർ എന്നുള്ളത് വിധിവൈപരീത്യം. അവർ, സംഘടനയുടെ സാമാന്യ അംഗങ്ങളെ പ്രതികരണശേഷിയില്ലാത്ത അടിമത്തമനോഭാവത്തിൽ വളർത്തിക്കൊണ്ടുവരാൻ പ്രത്യേക വിരുത് കാട്ടുന്നവരാണ്. സംഘടനയിലെ സാമാന്യ അംഗങ്ങളുടെ ആവശ്യങ്ങളോ അവകാശങ്ങളോ ഒരിക്കലും ചർച്ചചെയ്യപ്പെടുകയോ, അഥവാ (പേരിന്) ചർച്ചചെയ്താൽ തന്നെ, അത് ഒരു സമ്മർദ്ദ തന്ത്രം എന്ന നിലയിൽ രാഷ്ട്രീയ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ട് അത്തരം അവകാശങ്ങൾക്ക് അംഗീകാരം നേടുവാനോ, ഇക്കൂട്ടർ ശ്രമിക്കാറില്ല എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. അവർ, തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സംഘടനയിലെ അംഗങ്ങളുടെ അർഹമായ ആവശ്യങ്ങളെ, തങ്ങളുടെ രാഷ്ട്രീയ മേലാളന്മാരുടെ സ്വാർത്ഥമായ രാഷ്ട്രീയ മോഹങ്ങൾക്ക് മുൻപിൽ അടിയറ വയ്ക്കുന്നതോടെ സംഘടനയുടെ ജനാധിപത്യബോധം ഇല്ലായ്മചെയ്യപ്പെടുന്നു. ഇവിടെ ജനാധിപത്യത്തിന് എന്ത് പ്രസക്തി? ഇത്തരം സംഘടനകൾക്ക് എന്ത് പ്രസക്തി? കുഞ്ഞാമൻ സാർ പറഞ്ഞതുപോലെ ' ജനങ്ങൾക്ക് വലിയ പങ്കില്ലാത്ത ഒരു വ്യവസ്ഥിതിയാണ് ജനാധിപത്യം' എന്ന് അടിവരയിട്ട് പറയേണ്ടി വരും, അല്ലെങ്കിൽ ജനാധിപത്യത്തെ  കൊല്ലുന്നത് ഇത്തരം സംഘടനാ സംവിധാനങ്ങളാണ് എന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വാദിക്കേണ്ടി വരും.