വെള്ളിയാഴ്‌ച, നവംബർ 27, 2009

മാധ്യമവും മാധ്യമ ധര്‍മ്മവും

ഇന്നു സമൂഹം സംവദിക്കുന്നത് പ്രധാനമായും മാധ്യമങ്ങളിലൂടെയാണല്ലോ? അണുകുടുംബസാഹചര്യവും സാമൂഹിക ജീവിതത്തിന്‍െറ ശൈലിയിലുണ്ടായ മാററവുമെല്ലാം നമ്മെ നമ്മിലേക്ക് ചുരുക്കി. ഇതു മലയാളീ സമൂഹത്തിന്‍െറ കാര്യത്തില്‍ വളരെ പ്രകടമാണ്. ഇന്ന്, ഒരു ശരാശരി മലയളിയുടെ സാമൂഹിക സഹവര്‍ത്തിത്വം വളരെ ചുരുങ്ങിപ്പോയിരിക്കുന്നു. ഈ സാഹചര്യത്തിലാണ്, ഒരുവന്‍ അവന്‍െറ സംവാദന ഉപാധിയായി മാധ്യമങ്ങളെ കൂടുതലായി ആശ്രയിക്കുന്നത്. പരമ്പരാഗത മാധ്യമങ്ങളായ പത്രമാധ്യമങ്ങളുണ്ട്, ദൃശ്യമാധ്യമങ്ങളുണ്ട്, ശ്രവ്യമാധ്യമങ്ങളുണ്ട്; ഇതു കൂടാതെ ഇന്‍െറര്‍നെറ്റ് എന്ന മായാമാധ്യമമാണ് സംവാദനത്തിന് ഇന്ന് കൂടുതല്‍ അവസരം ഒരുക്കിത്തരുന്നത്.

മറ്റു മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്‍െറര്‍നെറ്റിനുള്ള ഒരുസ്വഭാവവിശേഷം, അതു അനായേസേന കൈകര്യം ചെയ്യാവുന്നതും, തികച്ചും സ്വകാര്യമായി (യഥാര്‍ത്ഥത്തില്‍ സ്വകാര്യമല്ലെങ്കില്‍കൂടിയും) നമുക്ക്, ഒരുവലിയൊരു സമൂഹത്തിനോടു സംവദിക്കാന്‍ സൗകര്യം ഒരുക്കിത്തരുന്നതുമാണ്. ഈയൊരു മാധ്യമം പ്രചാരത്തിലായിട്ട്, വളരെ ചെറിയ ഒരു കാലയളവേ ആയിട്ടുള്ളൂ. ഇന്നും നമ്മുടെ സമൂഹത്തിലെ ഒരു വലിയ വിഭാഗം, ഈ മാധ്യമത്തിന്‍െറ പ്രചാരത്തില്‍ പങ്കാളിയായിട്ടില്ലാ എന്നത് മറ്റൊരു സത്യമാണ്. സ്വാഭാവികമായും യുവജനങ്ങള്‍ക്കിടയിലാണ് ഈ മധ്യമത്തിന് സ്വാധീനവും പ്രചാരവും കൂടുതലായി ഉള്ളത്. അതായത്, വളരെ ചെറിയ ഒരു കാലയളവിനുള്ളില്‍ ‍, പക്ഷെ, ഈ മാധ്യമത്തിനു സ്വാധീനശക്തിയില്‍ വളരെ മുന്‍പിലാകാന്‍ കഴിഞ്ഞു. അതു പ്രധാനമായും യുവാക്കളിലും.

നമ്മുടെ പാരമ്പര്യത്തില്‍ , തെറ്റും ശരിയും, അല്ലെങ്കില്‍ നന്മതിന്മകളേക്കുറിച്ചുള്ള അറിവ്, ഒരു വ്യക്തിയില്‍ ഉണ്ടാവുന്നത് പ്രധാനമായും അച്ഛനമ്മമാര്‍ മുതിര്‍ന്ന കുടുംബാംഗങ്ങള്‍ ‍, സമൂഹത്തിലെ മറ്റു അറിവുള്ള വ്യക്തികള്‍ , അദ്ധ്യാപകര്‍ തുടങ്ങിയവരില്‍ നിന്നാണ്. ഒരു വ്യക്തിയുടെ ശരിയായ ദിശയിലുള്ള വളര്‍ച്ചക്ക് ഇവരുടെ സ്വാധീനം വളരെ വലിയ സംഭാവനയാണ് നല്കുന്നത്. ഇത് ആ വ്യക്തിയുടെ സ്വഭാവ-ചിന്താ പ്രകൃതിയെ സാരമായി സ്വാധീനിക്കുന്നുണ്ട്. നമ്മുടെ ഈ ലോകത്തിന്‍െറ ക്രമത്തെപ്പറ്റിയും സാമൂഹിക ജീവിതത്തെപ്പറ്റിയുമെല്ലാം നല്ല അറിവും വീക്ഷണവുമുള്ളതുകൊണ്ടാണ് അവര്‍ക്ക് അനന്തരതലമുറയെ നല്ല രീതിയില്‍ നയിക്കാന്‍‍ സാധിച്ചത് അല്ലെങ്കില്‍ സാധിക്കുന്നത്. ഇതു സാധ്യമാകുന്നത്, പ്രധാനമായും ലോകപരിചയം ഉള്ളതുകൊണ്ടാണ്.

എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഇന്‍െറര്‍നെറ്റ് തുടങ്ങിയ മാധ്യമത്തെപ്പറ്റിയും അവയുടെ സ്വാധീനത്തെപ്പറ്റിയും നമ്മുടെ സമൂഹത്തിലെ ഈ 'മുതിര്‍ന്നതലമുറ'യാണ് ഏറ്റവും അജ്ഞരായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ വ്യവഹാരലോകത്ത്, അല്ലെങ്കില്‍ ഈ വിര്‍ച്ച്വല്‍ വേള്‍ഡില്‍ ഈ മുതിര്‍ന്നവരുടെ സ്വാധീനം തുലോം കുറവാണ്. ആ ഒരു കാരണം കൊണ്ടുതന്നെ, ഒരു വ്യക്തി (അവന്‍ , അവന്‍െറ ജീവിതത്തിലെ ഏറ്റവും വിജൃംഭാവസ്ഥയായ യുവത്വത്തിലാണെന്നോര്‍ക്കണം.), ഈ വിനിമയ ദേശത്തില്‍ വിഹരിക്കുമ്പോള്‍ , അവന്‍ ഏറെ സ്വതന്ത്രനാണെന്നു സ്വാഭാവികമായും കരുതും. തികച്ചും ഭൗതികമായ സ്വകാര്യതയില്‍ അവന്‍ അതിരുവിട്ടെന്നുവരാം. അവന്‍ ഈ വിനിമയ ലോകത്തില്‍ വളരെ പ്രത്യക്ഷനാണ് എന്നത് ഒരു പക്ഷേ അറിയിന്നില്ലായിരിക്കും. അത്തരത്തിലുള്ള ഒരു അവബോധം സ്വാഭാവികമായി അവനുണ്ടാകാനുള്ള ഒരു കാലയളവ് 'ഈ ലോകം' സൃഷ്ടി കൊണ്ടിട്ട് ആയിട്ടില്ല. ഈ ലോകം അവനേക്കാള്‍ ശിശുവാണെന്ന് ഓര്‍ക്കുക.

രാജ്യദ്രോഹപരമായ തെറ്റുകള്‍ അനവധി, ഈ മാധ്യമങ്ങളിലൂടെ ഉണ്ടായിട്ടുണ്ട്. ഒരു കാരണവശാലും അതു പൊറുക്കാനാവുന്നതല്ല. തീവ്രവാദപ്രവര്‍ത്തനത്തിനും മറ്റുമായി ഇന്‍െറര്‍നെറ്റ് ഉപയോഗിക്കുന്നത് ഗുരുതരമായ തെറ്റു തന്നെയണ്. ആ തെറ്റു ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടേണ്ടതുതന്നെയാണ്. എന്നാല്‍ ഇന്‍െറര്‍നെറ്റ് എന്ന മാധ്യമം ഉപയോഗിച്ചു, തെറ്റായ വിവരം (Fake id) കൊടുത്തുകൊണ്ട മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവൃത്തികള്‍ പലരും ഒരു നേരമ്പോക്കെന്ന രീതിയില്‍ ചെയ്യുന്നതായി കാണപ്പെടുന്നുണ്ട്. ചില പ്രവൃത്തികള്‍ നിര്‍ദ്ദോഷമായതും, എന്നാല്‍ മറ്റു ചിലത് വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയിലുള്ളതുമാണ്. തീര്‍ച്ചയായും അത്, ഒരു തെറ്റ് തന്നെയാണ്. ഇന്‍െറര്‍നെറ്റ് നമുക്ക് ഒരുക്കിത്തന്ന ഈ virtual world ന്‍െറ മുന്‍പറഞ്ഞ പ്രത്യേകതകള്‍ കണക്കിലെടുത്ത് മേല്‍പ്പറഞ്ഞ തരത്തിലുള്ള തെറ്റ് വരുത്തിയാല്‍ അതു തിരുത്താനുള്ള സാഹചര്യം ഇന്നത്തെ സമൂഹം ഉണ്ടാക്കിയെടുക്കണം. അതു ഒരു ക്രിമിനല്‍ കുറ്റം എന്ന രീതിയില്‍ സമൂഹം കാണരുത് എന്നു വിവക്ഷ. ഒരു ക്രിമിനല്‍ മനസ്സോടെ ചെയ്യുന്ന പ്രവൃത്തി അല്ല എന്ന് നമ്മള്‍ മനസ്സിലാക്കണം. പക്ഷെ, തെറ്റു തെറ്റുതന്നെയാണ്. അതു തിരുത്തപ്പെടണം; മേലില്‍ ആവര്‍ത്തിക്കയുമരുത്. അവിടെ വളരെ judicious ആയ ഒരു സമീപനമാണ് നമ്മുടെ സമൂഹത്തിനുണ്ടാകേണ്ടത്. ഒരു കാരണവശാലും അവര്‍ കുറ്റവാളികള്‍ എന്ന നിലയില്‍ തെറ്റിദ്ധരിക്കപ്പെടരുത്. തെറ്റു ചെയ്യുന്നവരെല്ലാം കുറ്റവാളികള്‍ അല്ലല്ലോ? എന്നാല്‍ തെറ്റ് ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള സാഹചര്യം ഉണ്ടാവുകയും വേണം.

അടുത്തകാലത്തുണ്ടായ ഇത്തരത്തിലുള്ള ഒരുതെറ്റ് സി.പി.എം. സംസ്ഥാന സെക്രട്ടറി ശ്രീ. പിണറായി വിജയന്‍െറ വസതി എന്നപേരില്‍ തെറ്റായ വിവരം ഇന്‍െറര്‍നെറ്റ് വഴി കൈമാറി എന്നുള്ളതാണ്. നമ്മുടെ മുന്‍നിര പത്രമാധ്യമങ്ങള്‍ മോശമല്ലാത്ത coverage നല്കി ഈ വാര്‍ത്തക്ക് വലിയപ്രാധാന്യം നല്കുകയും ചെയ്തു. ഈ തെറ്റു ചെയ്തവരില്‍ ഉള്‍പ്പെട്ടവര്‍ എന്നനിലക്ക് മൂന്നു യുവാക്കളുടെ പേരുവിവരവും മറ്റു വിശദാംശങ്ങളും പ്രാധാന്യത്തോടുകൂടിത്തന്നെ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.. എന്തിനേറെ, ആ കുട്ടികളുടെ ഫോട്ടോ പോലും പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഈ വ്യക്തികള്‍ തെറ്റു ചെയ്തില്ല എന്നു പറയുന്നില്ല. പക്ഷെ അവരെ സമൂഹത്തിനു മുന്നില്‍ ഇത്തരത്തില്‍ പ്രസിദ്ധപ്പെടുത്തിയതിലൂടെ, അവര്‍ കുറ്റവാളികള്‍ എന്നു തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഇതേ പത്രമധ്യമങ്ങള്‍ നഗരത്തിലെ ഒരു സ്വകാര്യാശുപത്രി ഏതെങ്കിലും രീതിയില്‍ അത്യധികം ഗൗരവകരമായ കാര്യത്തിന് ആരോപണവിധേയമായാല്‍ ആശുപത്രിതുടെ പേരു പറയാതിരിക്കും. 'ഒരു സ്വകാര്യാശുപത്രി' എന്നു മാത്രമാണ് അവര്‍ പറയുക. ഒരു പ്രധാന ഹോട്ടല്‍ ഭക്ഷ്യവിഷബാധപോലുള്ള കാര്യത്തിന് കുറ്റാരോപണവിധേയമായാല്‍ ആ ഹോട്ടലിന്‍െറ പേര് ഒരു കാരണവശാലും പ്രസിദ്ധപ്പെടുത്തുകയില്ല. എന്തിനേറെ, ഒരു പ്രമുഖന്‍ ഒരു കുറ്റകൃത്ത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അയാളുടെ പേരു ഒരു കാരണവശാലും ഈ മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തില്ല എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ഓര്‍ക്കുക ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും തുല്ല്യാവകാശമാണ് തന്നിട്ടുള്ളത്. അവിടെ പ്രമുഖന്‍ എന്നോ, സാധാരണക്കാരന്‍ എന്നോ വ്യത്യാസമില്ല. എന്നാല്‍ മുന്‍ പറഞ്ഞ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു എന്നപേരില്‍ ഈ വ്യക്തികളെ ഇത്തരത്തില്‍‍ സമൂഹത്തിനു മുന്നില്‍ expose ചെയ്തത്, ധാര്‍മികമായി എത്ര ശരിയാണെന്നു നമ്മള്‍ ചിന്തിക്കണം.



Kerala Tour

1 അഭിപ്രായം:

  1. dear prasad,
    your opinion regardinng this deserves a hats off. its great that you observed that this media of communication, ie, internet is younger than the alleged in this case. thats right. they should be given a chance for formation and refining themselves. media- either print, visual or others should keep their ethics rather than demoting themselves to the so called papparasi culture.
    thanks for the post
    binu antony

    മറുപടിഇല്ലാതാക്കൂ