വ്യാഴാഴ്‌ച, ജൂലൈ 05, 2018

കാമ്പസുകള്‍ കലാപ ഭൂമിയാകുമ്പോള്‍...


കേരള സമൂഹം കാലങ്ങളായി ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്, കാമ്പസുകളില്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയം വേണമോ എന്നത്. ഈ ചര്‍ച്ച അഭംഗുരം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു; ഒരു ദിശാബോധവുമില്ലാതെ. കഴിഞ്ഞ ദിവസം മഹാരാജാസ് കോളേജ് കാമ്പസില്‍ നടന്ന ദാരുണമായ കൊലപാതകം, ഈ ചര്‍ച്ചയെ സജീവമാക്കുന്നുണ്ടെങ്കിലും, ചര്‍ച്ച എവിടെയുമെത്താതെ ഇരുട്ടില്‍ തപ്പുന്ന ഒരു പ്രതീതിയാണ് ഉളവാക്കിയിരിക്കുന്നത്. ഒരു കാര്യം ശ്രദ്ധേയമാണ്; മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ഒന്നും കാമ്പസ് രാഷ്ട്രീയത്തിന് എതിരല്ല. എന്നാല്‍, കാമ്പസുകളിലെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ രീതി, ലക്ഷ്യം, ഫലം എന്നിവയൊന്നും ഇവര്‍കൂടി പങ്കാളികളാകുന്ന ചര്‍ച്ചകളില്‍ വേണ്ടത്ര പരാമര്‍ശിക്കപ്പെടുന്നില്ല എന്നുള്ളത് ഗൌരവമായി എടുക്കേണ്ട വസ്തുതയാണ്.  

എന്തിനാണ് കാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം? പുതിയ തലമുറ എന്നനിലയില്‍ വിദ്യാര്‍ത്ഥിസമൂഹത്തിനു രാഷ്ട്രീയ അവബോധം ഉണ്ടാവുക എന്നത് ആവശ്യം വേണ്ട സംഗതിയാണ്. മാത്രമല്ല, ജനാധിപത്യപ്രക്രിയയെപ്പറ്റി കുട്ടികളില്‍ പ്രായോഗിക പരിചയം വളര്‍ത്തിയെടുക്കുക എന്നതും വളരെ ഗൌരവമായ കാര്യമാണ്. തെരഞ്ഞെടുപ്പ്, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളൊക്കെ പുതുതലമുറ ആദ്യമായി അറിവ് നേടുന്നത്, അതും പ്രായോഗികതലത്തില്‍ത്തന്നെ, കാമ്പസുകളില്‍ നിന്നാണെന്നുള്ളത് എടുത്ത് പറയേണ്ട ഒരു കാര്യമാണ്. താത്വികമായി, വിദ്യാര്‍ത്ഥിരാഷ്ട്രീയം വിദ്യാഭ്യാസപ്രക്രിയയുടെ ഭാഗമായി ഉണ്ടാകേണ്ടതാണെന്നുള്ളത് നിസ്തര്‍ക്കമായ വിഷയമാണ്.

ഇതൊക്കെയാണ് വസ്തുതയെങ്കിലും, ഇന്നത്തെ കാമ്പസുകളില്‍, നിലവിലുള്ള വിദ്യാര്‍ത്ഥിരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് യഥാര്‍ത്ഥമായ രാഷ്ട്രീയ അവബോധം സൃഷ്ടിക്കാന്‍ സാധിക്കുന്നുണ്ടോ? അതുവഴി ജനാധിപത്യഅവകാശങ്ങള്‍ സംരക്ഷിക്കാനും, ജനാധിപത്യത്തെ ശക്തിപ്പെടുത്താനും സാധിക്കുന്നുണ്ടോ? ഇന്നത്തെ കാമ്പസുകളെ നാം അടുത്തറിഞ്ഞാല്‍ മനസിലാകുന്ന കാര്യം ഇതാണ്. കാമ്പസിലെ വിദ്യാര്‍ത്ഥിരാഷ്ട്രീയ പ്രവര്‍ത്തകര്‍, പ്രാദേശികമോ അതിലുപരിയുമോ ആയ രാഷ്ട്രീയ സംഘടനാനേതാക്കളുടെ കേവലം ചട്ടുകങ്ങളായി അധപതിച്ചു എന്നുള്ളതാണ്. സ്വാഭാവികമായും അവരുടെ രാഷ്ട്രീയലക്ഷ്യം, വിദ്യാഭ്യാസമേഖലയുടെ ഉന്നമനമോ, അല്ലെങ്കില്‍ ഈ മേഖലയിലെ യഥാര്‍ത്ഥങ്ങളായ പ്രശ്നങ്ങളെ പരിഹരിക്കുക എന്നതോ ആവില്ല; മറിച്ച്, താന്താങ്ങളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ഇംഗിതം കാത്ത് സൂക്ഷിക്കുക, അതതു രാഷ്ട്രീയ സംഘടനകള്‍ക്ക് ഭൌതികമായ വളര്‍ച്ച ഉണ്ടാക്കികൊടുക്കുക എന്നീ നിലകളിലേക്ക്  ചുരുങ്ങിപോയിരിക്കുന്നു. ഈ സംഘടനയുടെ പേരിലുള്ള വിദ്യാര്‍ത്ഥി പ്രതിനിധികളെ യഥാര്‍ത്ഥത്തിലുള്ള വിദ്യാര്‍ത്ഥിപ്രതിനിധികളായി കാണാന്‍ സാധിക്കില്ല; മറിച്ച് വിദ്യാഭ്യാസമേഖലക്കു വെളിയിലുള്ള രാഷ്ട്രീയ യജമാനന്‍മാരുടെ കിങ്കരന്‍മാരായെ കാണാന്‍ സാധിക്കൂ. സ്വാഭാവികമായും വിദ്യാഭ്യാസമേഖലയുടെ യഥാര്‍ത്ഥ പ്രശ്നങ്ങളും വിദ്യാഭ്യാസമേഖലയുടെ പുരോഗതിയെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളും ഇവര്‍ക്കജ്ഞാതങ്ങളാണ്; അല്ലെങ്കില്‍ അവ ഇവരുടെ പരിഗണനയില്‍ വരുന്ന വിഷയങ്ങളല്ല. അതായത് വിദ്യാഭ്യാസ മേഖലയെ പുരോഗതിയിലേക്ക് നയിക്കാന്‍ പര്യാപ്തമായ ജനാധിപത്യപരമായ ഇടപെടലുകള്‍ ഇവരില്‍നിന്നും ഉണ്ടാകുന്നില്ല എന്ന്‍ സാരം.

ഈ അവസ്ഥാവിശേഷം ഒരു വശത്ത് വിദ്യാഭ്യാസമേഖലയെ തളര്‍ത്തുന്നതിനോപ്പം മറുവശത്ത് സാമൂഹികമായ അധഃപതനത്തിനു കാരണമാവുകയും ചെയ്യുന്നു. നമ്മുടെ കലാലയങ്ങളില്‍ ഓരോ വര്‍ഷവും വിവിധങ്ങളായ വിഷയങ്ങളില്‍ ബിരുദ/ബിരുദാനന്തര കോഴ്സുകള്‍ പഠിക്കുന്നതിനായി അഡ്മിഷന്‍ എടുക്കുന്ന കുട്ടികളില്‍, ചെറുതെങ്കിലും സാരവത്തായ ഒരു വിഭാഗം വിദ്യാര്‍ത്ഥിരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ മാത്രം ലക്ഷ്യമാക്കി വരുന്നവരാണ്. വിദ്യാഭ്യാസം അവരുടെ ലക്ഷ്യമോ അവകാശമോ ഒന്നുമല്ല. ഇങ്ങനെ വരുന്ന വിദ്യാര്‍ത്ഥിയുടെ പ്രച്ഛന്നവേഷം പൂണ്ട രാഷ്ട്രീയ കിങ്കരന്മാര്‍ ആദ്യമായി ചെയ്യുന്നത് അവരുടെ സംഘത്തിലേക്ക് മറ്റ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുക എന്നുള്ളതാണ്. സാമം, ദാനം, ഭേദം, ദണ്ഡം എന്നിങ്ങനെ മസ്തിഷ്കപ്രക്ഷാളനമുള്‍പ്പെടെയുള്ള പല ക്രിയകളിലൂടെ ഇവര്‍ ഇത് സാധിച്ചെടുക്കുന്നു. അതോടൊപ്പം തന്നെ മറ്റ് സംഘടനകളെ ഇല്ലായ്മ ചെയ്യുവാനും ഇവര്‍ ശ്രമിക്കുന്നു. അതും ഇവരുടെ പ്രധാനമായ ഒരു ദൌത്യമാണ്. ജനാധിപത്യത്തിന്‍റെ നഗ്നമായ ധ്വംസനം!

ഈയൊരു സ്ഥിതിവിശേഷത്തില്‍, അധികാരികള്‍ പലപ്പോഴും പ്രബലരായ സംഘടനകല്‍ക്കൊപ്പം നില്‍ക്കുന്നതായാണ് കാണാറ്. ഇതുണ്ടാക്കുന്ന അവസ്ഥാവിശേഷം ഭീകരമാണ്. അതാണ്‌ മഹാരാജാസിലും മറ്റ് പല കാമ്പസുകളിലും കാണുന്ന രാഷ്ട്രീയ അരാജകത്വത്തിന് കാരണം. ലളിതമായി പറഞ്ഞാല്‍, കാമ്പസുകളില്‍ കുട്ടികളെ അവരുടെ ഇഷ്ടത്തിന് (തോന്നിവാസത്തിനു) വിടുന്ന അവസ്ഥ! അവര്‍ തീരുമാനിക്കും; അവര്‍ നടപ്പാക്കും. എതിര്‍ത്താല്‍, എതിര്‍ക്കുന്നവര്‍ അരാഷ്ട്രീയവാദികളാകും, അങ്ങനെയുള്ളവരെ ശാസിക്കാനും അവരുടെ ആത്മവീര്യം തകര്‍ക്കാനും അവര്‍ക്ക് മേലുള്ള അധികാരികളും ഉണ്ടാകും. കൂടാതെ അഭിനവ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും മറ്റും ഇക്കാര്യത്തില്‍ ഈ പ്രച്ഛന്നവേഷധാരികള്‍ക്കൊപ്പവും ഉണ്ടാകും.

നമ്മുടെ പുതുതലമുറയെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റിയെടുക്കേണ്ടവരും, വഴികാട്ടികളായി നില്‍ക്കേണ്ടിയിരുന്നവരും ആയ ഈ മുതിര്‍ന്നവര്‍, തങ്ങളുടെ ഉത്തരവാദിത്തം മറന്ന്‍, സമൂഹത്തിനു അസ്ഥിരതയുണ്ടാക്കുന്ന തലത്തിലേക്ക്  ഇവരെ തെറ്റായി നയിച്ച് കാമ്പസുകളില്‍ അരാജകത്വം വളര്‍ത്തുന്നു; ഈ കുട്ടികളെ അറിവില്ലായ്മയിലേക്ക് നയിച്ച് കൊലക്ക് കൊടുക്കുന്നു.



സാമൂഹികസുരക്ഷ (social security), അത്ര മികച്ചതൊന്നുമല്ലാത്ത നമ്മുടെ നാട്ടില്‍, പ്രത്യേകിച്ചും രാത്രികാലങ്ങളില്‍, കാമ്പസുകളില്‍ ഉത്തരവാദിത്തപ്പെട്ടവരുടെ (അദ്ധ്യാപകര്‍, ഹോസ്റ്റല്‍ വാര്‍ഡന്‍) നിയന്ത്രണമില്ലാതെ പല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുവാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നുള്ളത് ഗൌരവമായി കാണേണ്ട സംഗതിയാണ്. അങ്ങിനെയൊരു അവസ്ഥാവിശേഷമുള്ളതുകൊണ്ട് മാത്രമാണ് ക്രിമിനലുകള്‍ കുട്ടികളെ ആക്രമിക്കുന്നതിനും, കൊലപാതകം നടത്തുന്നതിനും പോലും ഇടയായത്. ഈ അവസ്ഥാവിശേഷം സംജാതമാക്കുന്ന വ്യവസ്ഥിതി ഉണ്ടാകുന്നതിനു കാരണക്കാരായവരും ഈ ക്രിമിനലുകള്‍ക്കൊപ്പം കുറ്റക്കാരാണെന്ന്‍ പറയാം. കാമ്പസുകളിലെ ഈ സ്ഥിതി കേരളം അതീവ ഗൌരവത്തോടെ കാണ്ടേണ്ട കാലം അതിക്രമിച്ചു. ഒരര്‍ത്ഥത്തില്‍, നാം കുട്ടികളെ കൊലക്കു കൊടുക്കുകയാണ്. നന്‍മയുള്ള ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കേണ്ട ഈ കുട്ടികള്‍ എങ്ങുമെത്താതെ, അധപതനത്തിന്‍റെ മാര്‍ഗത്തിലൂടെ സാമൂഹിക സുരക്ഷിതത്തിനു ഭീഷണിയുള്ള ഒരു വിഭാഗമായി മാറുന്നു. അതിലൂടെ എത്ര കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇല്ലായ്മ ചെയ്യപ്പെടുന്നത്? ഈ പകപോക്കല്‍ രാഷ്ട്രീയ കാട്ടാളത്തം അവസാനിക്കാതെ, കേരളത്തിന്‍റെ വിദ്യാഭ്യാസമേഖല പുരോഗമിക്കുകയുമില്ല; നമ്മുടെ സാമൂഹിക ജീവിതം മികവിലേക്ക് ഉയരുകയുമില്ല.

-   പ്രസാദ്‌. എസ്