വ്യാഴാഴ്‌ച, ജൂലൈ 20, 2023

വ്യക്തിതാല്പര്യങ്ങൾക്ക് ഉപരിയാകണം രാജ്യതാൽപ്പര്യം: രാമായണം നൽകുന്ന സന്ദേശം

രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകമേത് എന്ന ചോദ്യത്തിന്, വിക്രമാദിത്യ മഹാരാജാവിന്റെ സദസ്സിലെ പണ്ഡിതശ്രേഷ്ഠനായ  വരരുചി നൽകിയ ഉത്തരം എന്ന് വിശ്വസിക്കുന്ന, വാത്മീകി രാമായണത്തിലെ അതിപ്രശസ്തമായ ശ്ലോകമാണ് 

രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവിം വിദ്ധി
ഗച്ഛ താത യഥാസുഖം

 ദശരഥന്റെ ഇംഗിതമനുസരിച്ച് പതിന്നാല് സംവത്സരം കാനനവാസത്തിനായി പോകുന്ന രാമനെയും സീതയെയും അനുഗമിക്കുന്ന ലക്ഷ്മണന്, 'അമ്മ സുമിത്ര കൊടുക്കുന്ന ഉപദേശമാണിത്. വനവാസക്കാലത്ത്, ശ്രീരാമനെ അച്ഛനായി കരുതണം, സീതാദേവി അമ്മയായും, മഹാകാനനത്തിനെ അയോദ്ധ്യയായും കണ്ടു, സുഖമായി പോയി വരിക മകനെ എന്നാണ് ഈ ശ്ലോകത്തിന്റെ ലളിതമായ അർത്ഥം. മാനുഷിക ബന്ധങ്ങളുടെ  മൂല്യത്തിനും ഊഷ്മളതക്കും വളരെയധികം അർത്ഥം കൽപ്പിക്കുന്ന ഈ ശ്ലോകം തരുന്ന സന്ദേശം, രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം എന്ന് പറയുന്നതിൽ പണ്ഡിതന്മാർക്കിടയിൽ രണ്ടഭിപ്രായമില്ല. ഇതേ സന്ദർഭം അദ്ധ്യാത്മരാമായണത്തിലെ അയോദ്ധ്യാകാണ്ഡത്തിൽ എഴുത്തച്ഛൻ  വിവരിക്കുന്നത് ഈ വരികൾക്കൊണ്ടാണ്.


രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചുകൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചുകൊൾ
പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കിൽ സുഖമായ് വരിക തേ


സമകാലീന ലോകത്ത് രാമായണം പറഞ്ഞു തരുന്ന വലിയ ഒരു പാഠമാണ് യുദ്ധകാണ്ഡത്തിലെ അടുത്തടുത്ത ഭാഗങ്ങളായ രാവണ കുംഭകർണ്ണ സംവാദത്തിലൂടെയും രാവണ വിഭീഷണ സംവാദത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്ന ചില ആശയങ്ങൾ. രാജ്യഹിതത്തിനല്ലാതെ, ധർമ്മിഷ്ടനല്ലാത്ത രാവണൻ തന്റെ കേവലമായ ലൗകിക തൃഷ്ണയ്ക്ക് വേണ്ടി മാത്രം അന്യസ്ത്രീയെ അപഹരിച്ചുകൊണ്ടു വരികയും അതിന് രാജ്യത്തിന്റെ തന്നെ വിശാല താൽപ്പര്യങ്ങൾ ബലികൊടുക്കുകയും ചെയ്യുന്നതിനെ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവണ്ണം ഈ സഹോദരങ്ങൾ വിമർശനബുദ്ധ്യാ രാവണനെ പറഞ്ഞു മനസിലാക്കി കൊടുക്കുന്ന സന്ദർഭം നമുക്കിവിടെ കാണുവാൻ സാധിക്കും. 


“ജീവിച്ചു ഭൂമിയില്‍ വാഴ്കെന്നതില്‍ മമ
ദേവത്വമാശു കിട്ടുന്നതു നല്ലതും
ഇപ്പോള്‍ ഭവാന്‍ ചെയ്ത കര്‍മ്മങ്ങളൊക്കെയും
ത്വല്‍ പ്രാണഹാനിക്കുതന്നെ ധരിക്ക നീ.."


എന്ന് കുംഭകർണ്ണൻ രാവണനെ സ്നേഹപൂർവ്വം ഉപദേശിക്കുകയാണ്.  ഈ ഉപദേശം ചെവിക്കൊള്ളാത്ത രാവണനെ, സ്വാർത്ഥലാഭത്തിനായി രാജ്യതാല്പര്യത്തെ തമസ്കരിക്കുന്നത് തന്റെ തന്നെ നാശത്തിനടവരുത്തുമെന്ന് പറഞ്ഞുകൊണ്ട്, ഗത്യന്തരമില്ലാതെ സഹോദരനുവേണ്ടി യുദ്ധത്തിനായി ഇറങ്ങിപുറപ്പെടുന്ന കുംഭകർണ്ണനെയാണ് നമുക്കിവിടെ കാണുവാനാകുന്നത്. 

തുടർന്ന് വരുന്ന വിഭീഷണൻ കുറേകൂടി പ്രായാഗികമതിയായ രാഷ്ട്ര തന്ത്രജ്ഞനിന്നവണ്ണമാണ് രാവണനെ ഉപദേശിക്കുന്നത്. തനിക്കു ഹിതകരമായ കാര്യങ്ങൾ മാത്രം പറഞ്ഞു, അധർമ്മത്തിന്റെ പാതയിൽ നിന്നും വ്യതിചലിപ്പിക്കാൻ തയ്യാറാകാത്ത ബന്ധുക്കൾ, ആപത്തു വരുമ്പോൾ അടുത്തുണ്ടാവില്ലെന്നും അധർമ്മത്തിലൂടെയുള്ള രാജാവിന്റെ ചര്യ  രാജാവിനും അതുവഴി രാജ്യത്തിന്റെയും നാശത്തിന് ഇടവരുത്തുമെന്നും വിഭീഷണൻ രാവണനെ ഓർമ്മപ്പെടുത്തുന്നു.   ഈ ഉപദേശങ്ങളൊക്കെ ചെവിക്കൊള്ളാത്ത രാവണൻ വിഭീഷണനെ ഭീഷണിപ്പെടുത്തുകയും 


‘മൃത്യുവശഗതനായ പുരുഷനു
സിദ്ധൌഷധങ്ങളുമേൽക്കയിലേതുമേ.
പോരുമിവനോടിനി ഞാൻപറഞ്ഞതു
പൌരുഷംകൊണ്ടു നീക്കാമോ വിധിമതം?
ശ്രീരാമദേവപാദാംബോജമെന്നി മ-
റ്റാരും ശരണമെനിക്കില്ല കേവലം.


എന്ന് പറഞ്ഞുകൊണ്ട് വിഭീഷണൻ ശ്രീരാമ സവിധത്തിലേക്ക് എത്തിച്ചേരുന്നു.


ഈ ഭാഗങ്ങളിലൂടെ,  കേവലം വ്യക്തിതാല്പര്യങ്ങൾക്കുപരിയായി രാജ്യതാൽപ്പര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ രാമായണത്തിന്റെ സന്ദേശമായി നമുക്ക് പറഞ്ഞു തരുന്നു. സ്വാർത്ഥലാഭത്തിനുവേണ്ടി രാജാവിനെ തന്റെ അധർമ്മപ്രവർത്തികളെയെല്ലാം  ന്യായീകരിച്ചു പിന്താങ്ങുന്ന ബന്ധുജനങ്ങളുടെ പ്രവർത്തി ആത്യന്തികമായി രാജ്യഹിതത്തിനും അതുവഴി രാജാവിനുതന്നെയും നാശം വരുത്തുമെന്ന യാഥാർഥ്യം അടിവരയിട്ടു പറയുന്നു. ഇന്നിന്റെ രാഷ്ട്രീയ സാഹചര്യങ്ങളിലും ഈ ആശയങ്ങൾ എത്രത്തോളം പ്രസക്തമാണെന്നും നമുക്ക് വിലയിരുത്താവുന്നതാണ്.