വ്യാഴാഴ്‌ച, ജൂലൈ 20, 2023

വ്യക്തിതാല്പര്യങ്ങൾക്ക് ഉപരിയാകണം രാജ്യതാൽപ്പര്യം: രാമായണം നൽകുന്ന സന്ദേശം

രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകമേത് എന്ന ചോദ്യത്തിന്, വിക്രമാദിത്യ മഹാരാജാവിന്റെ സദസ്സിലെ പണ്ഡിതശ്രേഷ്ഠനായ  വരരുചി നൽകിയ ഉത്തരം എന്ന് വിശ്വസിക്കുന്ന, വാത്മീകി രാമായണത്തിലെ അതിപ്രശസ്തമായ ശ്ലോകമാണ് 

രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവിം വിദ്ധി
ഗച്ഛ താത യഥാസുഖം

 ദശരഥന്റെ ഇംഗിതമനുസരിച്ച് പതിന്നാല് സംവത്സരം കാനനവാസത്തിനായി പോകുന്ന രാമനെയും സീതയെയും അനുഗമിക്കുന്ന ലക്ഷ്മണന്, 'അമ്മ സുമിത്ര കൊടുക്കുന്ന ഉപദേശമാണിത്. വനവാസക്കാലത്ത്, ശ്രീരാമനെ അച്ഛനായി കരുതണം, സീതാദേവി അമ്മയായും, മഹാകാനനത്തിനെ അയോദ്ധ്യയായും കണ്ടു, സുഖമായി പോയി വരിക മകനെ എന്നാണ് ഈ ശ്ലോകത്തിന്റെ ലളിതമായ അർത്ഥം. മാനുഷിക ബന്ധങ്ങളുടെ  മൂല്യത്തിനും ഊഷ്മളതക്കും വളരെയധികം അർത്ഥം കൽപ്പിക്കുന്ന ഈ ശ്ലോകം തരുന്ന സന്ദേശം, രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം എന്ന് പറയുന്നതിൽ പണ്ഡിതന്മാർക്കിടയിൽ രണ്ടഭിപ്രായമില്ല. ഇതേ സന്ദർഭം അദ്ധ്യാത്മരാമായണത്തിലെ അയോദ്ധ്യാകാണ്ഡത്തിൽ എഴുത്തച്ഛൻ  വിവരിക്കുന്നത് ഈ വരികൾക്കൊണ്ടാണ്.


രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചുകൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചുകൊൾ
പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കിൽ സുഖമായ് വരിക തേ


സമകാലീന ലോകത്ത് രാമായണം പറഞ്ഞു തരുന്ന വലിയ ഒരു പാഠമാണ് യുദ്ധകാണ്ഡത്തിലെ അടുത്തടുത്ത ഭാഗങ്ങളായ രാവണ കുംഭകർണ്ണ സംവാദത്തിലൂടെയും രാവണ വിഭീഷണ സംവാദത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്ന ചില ആശയങ്ങൾ. രാജ്യഹിതത്തിനല്ലാതെ, ധർമ്മിഷ്ടനല്ലാത്ത രാവണൻ തന്റെ കേവലമായ ലൗകിക തൃഷ്ണയ്ക്ക് വേണ്ടി മാത്രം അന്യസ്ത്രീയെ അപഹരിച്ചുകൊണ്ടു വരികയും അതിന് രാജ്യത്തിന്റെ തന്നെ വിശാല താൽപ്പര്യങ്ങൾ ബലികൊടുക്കുകയും ചെയ്യുന്നതിനെ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവണ്ണം ഈ സഹോദരങ്ങൾ വിമർശനബുദ്ധ്യാ രാവണനെ പറഞ്ഞു മനസിലാക്കി കൊടുക്കുന്ന സന്ദർഭം നമുക്കിവിടെ കാണുവാൻ സാധിക്കും. 


“ജീവിച്ചു ഭൂമിയില്‍ വാഴ്കെന്നതില്‍ മമ
ദേവത്വമാശു കിട്ടുന്നതു നല്ലതും
ഇപ്പോള്‍ ഭവാന്‍ ചെയ്ത കര്‍മ്മങ്ങളൊക്കെയും
ത്വല്‍ പ്രാണഹാനിക്കുതന്നെ ധരിക്ക നീ.."


എന്ന് കുംഭകർണ്ണൻ രാവണനെ സ്നേഹപൂർവ്വം ഉപദേശിക്കുകയാണ്.  ഈ ഉപദേശം ചെവിക്കൊള്ളാത്ത രാവണനെ, സ്വാർത്ഥലാഭത്തിനായി രാജ്യതാല്പര്യത്തെ തമസ്കരിക്കുന്നത് തന്റെ തന്നെ നാശത്തിനടവരുത്തുമെന്ന് പറഞ്ഞുകൊണ്ട്, ഗത്യന്തരമില്ലാതെ സഹോദരനുവേണ്ടി യുദ്ധത്തിനായി ഇറങ്ങിപുറപ്പെടുന്ന കുംഭകർണ്ണനെയാണ് നമുക്കിവിടെ കാണുവാനാകുന്നത്. 

തുടർന്ന് വരുന്ന വിഭീഷണൻ കുറേകൂടി പ്രായാഗികമതിയായ രാഷ്ട്ര തന്ത്രജ്ഞനിന്നവണ്ണമാണ് രാവണനെ ഉപദേശിക്കുന്നത്. തനിക്കു ഹിതകരമായ കാര്യങ്ങൾ മാത്രം പറഞ്ഞു, അധർമ്മത്തിന്റെ പാതയിൽ നിന്നും വ്യതിചലിപ്പിക്കാൻ തയ്യാറാകാത്ത ബന്ധുക്കൾ, ആപത്തു വരുമ്പോൾ അടുത്തുണ്ടാവില്ലെന്നും അധർമ്മത്തിലൂടെയുള്ള രാജാവിന്റെ ചര്യ  രാജാവിനും അതുവഴി രാജ്യത്തിന്റെയും നാശത്തിന് ഇടവരുത്തുമെന്നും വിഭീഷണൻ രാവണനെ ഓർമ്മപ്പെടുത്തുന്നു.   ഈ ഉപദേശങ്ങളൊക്കെ ചെവിക്കൊള്ളാത്ത രാവണൻ വിഭീഷണനെ ഭീഷണിപ്പെടുത്തുകയും 


‘മൃത്യുവശഗതനായ പുരുഷനു
സിദ്ധൌഷധങ്ങളുമേൽക്കയിലേതുമേ.
പോരുമിവനോടിനി ഞാൻപറഞ്ഞതു
പൌരുഷംകൊണ്ടു നീക്കാമോ വിധിമതം?
ശ്രീരാമദേവപാദാംബോജമെന്നി മ-
റ്റാരും ശരണമെനിക്കില്ല കേവലം.


എന്ന് പറഞ്ഞുകൊണ്ട് വിഭീഷണൻ ശ്രീരാമ സവിധത്തിലേക്ക് എത്തിച്ചേരുന്നു.


ഈ ഭാഗങ്ങളിലൂടെ,  കേവലം വ്യക്തിതാല്പര്യങ്ങൾക്കുപരിയായി രാജ്യതാൽപ്പര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ രാമായണത്തിന്റെ സന്ദേശമായി നമുക്ക് പറഞ്ഞു തരുന്നു. സ്വാർത്ഥലാഭത്തിനുവേണ്ടി രാജാവിനെ തന്റെ അധർമ്മപ്രവർത്തികളെയെല്ലാം  ന്യായീകരിച്ചു പിന്താങ്ങുന്ന ബന്ധുജനങ്ങളുടെ പ്രവർത്തി ആത്യന്തികമായി രാജ്യഹിതത്തിനും അതുവഴി രാജാവിനുതന്നെയും നാശം വരുത്തുമെന്ന യാഥാർഥ്യം അടിവരയിട്ടു പറയുന്നു. ഇന്നിന്റെ രാഷ്ട്രീയ സാഹചര്യങ്ങളിലും ഈ ആശയങ്ങൾ എത്രത്തോളം പ്രസക്തമാണെന്നും നമുക്ക് വിലയിരുത്താവുന്നതാണ്.  



ബുധനാഴ്‌ച, മേയ് 17, 2023

സർവ്വീസ് സംഘടനകൾക്ക് എന്ത് പ്രസക്തി?

    ജനാധിപത്യം ആഘോഷിക്കപ്പെടുന്നത്, ജനാധിപത്യ വ്യവസ്ഥിതിയിൽ ഉള്ള വ്യവസ്ഥാപിത ഘടകങ്ങൾ ജനകീയമാകുമ്പോഴാണ് അല്ലെങ്കിൽ ജനാധിപത്യപരമായി പ്രവർത്തിക്കുമ്പോഴാണ്. അത്തരം ഘടകങ്ങൾ, അല്ലെങ്കിൽ ജനകീയ പ്രസ്ഥാനങ്ങൾ ആണ്, ഒരോ രാഷ്ട്രീയ സംഘടനകളും, സർവ്വീസ് സംഘടകൾ ഉൾപ്പടെയുള്ള അവയുടെ പോഷകസംഘടനകളും. ഇത്തരം സംഘടനാസംവിധാനങ്ങൾ എല്ലാം ജനാധിപത്യപരമായി വേണം പ്രവർത്തിക്കാൻ. അല്ലെങ്കിൽ അത് ജനാധിപത്യ സംവിധാനത്തിന്റെ ജനാധിപത്യ സ്വഭാവത്തിന് മാറ്റം വരുത്തും, അതുവഴി ജനാധിപത്യത്തിന്റെ നിലനില്പിനെത്തന്നെ ചോദ്യം ചെയ്യും. 

    പൂർണ്ണമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ജനാധിപത്യസ്വഭാവത്തിനെപറ്റി ഇപ്പോൾ പരാമർശിക്കാൻ ഉദ്ദേശിക്കുന്നില്ല. കാരണം ഒരു രാഷ്ട്രീയസംഘടനയുടെ പൊതുവെയുള്ള സ്വഭാവം, ആ പ്രസ്ഥാനത്തിന്റെ നിയമാവലിയുമായി ബന്ധപ്പെട്ട വസ്തുതകളും പ്രഖ്യാപിതലക്ഷ്യങ്ങളും, അവയുടെ പ്രവർത്തന സ്വഭാവവും മറ്റുമാണ്. ഇതുമായി ഐക്യപ്പെട്ടു പോകുന്നവരായിരിക്കും ഈ പ്രസ്ഥാനങ്ങളുടെ അംഗങ്ങൾ. എന്നാൽ സർവ്വീസ് സംഘടനകൾ ഉൾപ്പടെയുള്ള അവയുടെ പോഷകസംഘടനകൾ, തങ്ങൾ പ്രതിനിധാനം ചെയ്യുന്ന അംഗങ്ങളുടെ പ്രത്യേകമായ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്. ഓർക്കുക, ഇവിടെ പറഞ്ഞിരിക്കുന്ന അവകാശങ്ങളും താൽപ്പര്യങ്ങളും തീർച്ചയായും സമൂഹത്തിന്റെ വിശാലമായ താൽപ്പര്യങ്ങളും അവകാശങ്ങളും ഹനിച്ചുകൊണ്ടാകരുത്, അതായത് തീവ്രസ്വഭാവമുള്ള സംഘടന സ്വഭാവം (militant trade unionism) ആകരുത് എന്നർത്ഥം. എന്നാൽ നിയമപരവും തൊഴിൽപരവും സാമൂഹികവുമായ, അർഹമായ എല്ലാ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കാൻ കെൽപ്പുള്ള സംഘടനകളായിരിക്കണം, ഇത്തരം സംഘടനകൾ അല്ലെങ്കിൽ സർവീസ് സംഘടനകൾ. അതല്ലാതെ, തങ്ങളുടെ രാഷ്ട്രീയ മേലാളന്മാരുടെ 'ആവശ്യങ്ങളും അവകാശനങ്ങളും' സംരക്ഷിക്കുവാനുള്ള വെറും ഉപകരണങ്ങൾ ആകരുത്. അത് തങ്ങളുടെ യഥാർത്ഥ ശക്തിയായ അംഗങ്ങളുടെ മേൽപ്പറഞ്ഞ അർഹമായ  ആവശ്യങ്ങളെയും അവകാശങ്ങളെയും ഹനിച്ചുകൊണ്ട് എടുക്കുന്ന ഒരു നിലപാടാണ് എന്നുള്ളതിൽ യാതൊരു തർക്കവുമില്ല. അവിടെ ജനാധിപത്യം ധ്വംസിക്കപ്പെട്ടു എന്ന് വേണം കരുതാൻ. അത്തരം സംഘടനകൾ കൊണ്ട് തങ്ങൾ പ്രതിനിധാനം ചെയ്യുന്ന അംഗങ്ങൾക്കോ, സമൂഹത്തിനോ, ഹിതകരമായ ഒരു പ്രവർത്തിയും ചെയ്യുന്നുവെന്ന് അവകാശപ്പെടാൻ യാതൊരു അർഹതയുമില്ല. 

    കേവലം സ്ഥാനമാനങ്ങൾക്കോ പദവികൾക്കോവേണ്ടി അംഗങ്ങളുടെ അർഹമായ അവകാശങ്ങൾ തമസ്കരിക്കുന്ന 'നേതാക്കന്മാരാണ്' സർവ്വീസ് സംഘടനകളുടെ പ്രസക്തിയെ ചോദ്യം ചെയ്യുന്നത്. മാത്രമല്ല, യാഥാർഥ്യങ്ങളെ സമർത്ഥമായി മൂടിവച്ചുകൊണ്ട് തങ്ങളുടെ ഭാഗം ഭംഗിയായി ന്യായീകരിക്കുവാൻ കഴിയുന്നവരാണ് (ആടിനെ പട്ടിയാക്കാൻ കെൽപ്പുള്ളവർ)  ഇന്ന് പൊതുവെ നേതാക്കന്മാരായി അവരോധിക്കപ്പെടുന്നവർ എന്നുള്ളത് വിധിവൈപരീത്യം. അവർ, സംഘടനയുടെ സാമാന്യ അംഗങ്ങളെ പ്രതികരണശേഷിയില്ലാത്ത അടിമത്തമനോഭാവത്തിൽ വളർത്തിക്കൊണ്ടുവരാൻ പ്രത്യേക വിരുത് കാട്ടുന്നവരാണ്. സംഘടനയിലെ സാമാന്യ അംഗങ്ങളുടെ ആവശ്യങ്ങളോ അവകാശങ്ങളോ ഒരിക്കലും ചർച്ചചെയ്യപ്പെടുകയോ, അഥവാ (പേരിന്) ചർച്ചചെയ്താൽ തന്നെ, അത് ഒരു സമ്മർദ്ദ തന്ത്രം എന്ന നിലയിൽ രാഷ്ട്രീയ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ട് അത്തരം അവകാശങ്ങൾക്ക് അംഗീകാരം നേടുവാനോ, ഇക്കൂട്ടർ ശ്രമിക്കാറില്ല എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. അവർ, തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സംഘടനയിലെ അംഗങ്ങളുടെ അർഹമായ ആവശ്യങ്ങളെ, തങ്ങളുടെ രാഷ്ട്രീയ മേലാളന്മാരുടെ സ്വാർത്ഥമായ രാഷ്ട്രീയ മോഹങ്ങൾക്ക് മുൻപിൽ അടിയറ വയ്ക്കുന്നതോടെ സംഘടനയുടെ ജനാധിപത്യബോധം ഇല്ലായ്മചെയ്യപ്പെടുന്നു. ഇവിടെ ജനാധിപത്യത്തിന് എന്ത് പ്രസക്തി? ഇത്തരം സംഘടനകൾക്ക് എന്ത് പ്രസക്തി? കുഞ്ഞാമൻ സാർ പറഞ്ഞതുപോലെ ' ജനങ്ങൾക്ക് വലിയ പങ്കില്ലാത്ത ഒരു വ്യവസ്ഥിതിയാണ് ജനാധിപത്യം' എന്ന് അടിവരയിട്ട് പറയേണ്ടി വരും, അല്ലെങ്കിൽ ജനാധിപത്യത്തെ  കൊല്ലുന്നത് ഇത്തരം സംഘടനാ സംവിധാനങ്ങളാണ് എന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വാദിക്കേണ്ടി വരും.  

വ്യാഴാഴ്‌ച, ജൂലൈ 05, 2018

കാമ്പസുകള്‍ കലാപ ഭൂമിയാകുമ്പോള്‍...


കേരള സമൂഹം കാലങ്ങളായി ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്, കാമ്പസുകളില്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയം വേണമോ എന്നത്. ഈ ചര്‍ച്ച അഭംഗുരം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു; ഒരു ദിശാബോധവുമില്ലാതെ. കഴിഞ്ഞ ദിവസം മഹാരാജാസ് കോളേജ് കാമ്പസില്‍ നടന്ന ദാരുണമായ കൊലപാതകം, ഈ ചര്‍ച്ചയെ സജീവമാക്കുന്നുണ്ടെങ്കിലും, ചര്‍ച്ച എവിടെയുമെത്താതെ ഇരുട്ടില്‍ തപ്പുന്ന ഒരു പ്രതീതിയാണ് ഉളവാക്കിയിരിക്കുന്നത്. ഒരു കാര്യം ശ്രദ്ധേയമാണ്; മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ഒന്നും കാമ്പസ് രാഷ്ട്രീയത്തിന് എതിരല്ല. എന്നാല്‍, കാമ്പസുകളിലെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ രീതി, ലക്ഷ്യം, ഫലം എന്നിവയൊന്നും ഇവര്‍കൂടി പങ്കാളികളാകുന്ന ചര്‍ച്ചകളില്‍ വേണ്ടത്ര പരാമര്‍ശിക്കപ്പെടുന്നില്ല എന്നുള്ളത് ഗൌരവമായി എടുക്കേണ്ട വസ്തുതയാണ്.  

എന്തിനാണ് കാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം? പുതിയ തലമുറ എന്നനിലയില്‍ വിദ്യാര്‍ത്ഥിസമൂഹത്തിനു രാഷ്ട്രീയ അവബോധം ഉണ്ടാവുക എന്നത് ആവശ്യം വേണ്ട സംഗതിയാണ്. മാത്രമല്ല, ജനാധിപത്യപ്രക്രിയയെപ്പറ്റി കുട്ടികളില്‍ പ്രായോഗിക പരിചയം വളര്‍ത്തിയെടുക്കുക എന്നതും വളരെ ഗൌരവമായ കാര്യമാണ്. തെരഞ്ഞെടുപ്പ്, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളൊക്കെ പുതുതലമുറ ആദ്യമായി അറിവ് നേടുന്നത്, അതും പ്രായോഗികതലത്തില്‍ത്തന്നെ, കാമ്പസുകളില്‍ നിന്നാണെന്നുള്ളത് എടുത്ത് പറയേണ്ട ഒരു കാര്യമാണ്. താത്വികമായി, വിദ്യാര്‍ത്ഥിരാഷ്ട്രീയം വിദ്യാഭ്യാസപ്രക്രിയയുടെ ഭാഗമായി ഉണ്ടാകേണ്ടതാണെന്നുള്ളത് നിസ്തര്‍ക്കമായ വിഷയമാണ്.

ഇതൊക്കെയാണ് വസ്തുതയെങ്കിലും, ഇന്നത്തെ കാമ്പസുകളില്‍, നിലവിലുള്ള വിദ്യാര്‍ത്ഥിരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് യഥാര്‍ത്ഥമായ രാഷ്ട്രീയ അവബോധം സൃഷ്ടിക്കാന്‍ സാധിക്കുന്നുണ്ടോ? അതുവഴി ജനാധിപത്യഅവകാശങ്ങള്‍ സംരക്ഷിക്കാനും, ജനാധിപത്യത്തെ ശക്തിപ്പെടുത്താനും സാധിക്കുന്നുണ്ടോ? ഇന്നത്തെ കാമ്പസുകളെ നാം അടുത്തറിഞ്ഞാല്‍ മനസിലാകുന്ന കാര്യം ഇതാണ്. കാമ്പസിലെ വിദ്യാര്‍ത്ഥിരാഷ്ട്രീയ പ്രവര്‍ത്തകര്‍, പ്രാദേശികമോ അതിലുപരിയുമോ ആയ രാഷ്ട്രീയ സംഘടനാനേതാക്കളുടെ കേവലം ചട്ടുകങ്ങളായി അധപതിച്ചു എന്നുള്ളതാണ്. സ്വാഭാവികമായും അവരുടെ രാഷ്ട്രീയലക്ഷ്യം, വിദ്യാഭ്യാസമേഖലയുടെ ഉന്നമനമോ, അല്ലെങ്കില്‍ ഈ മേഖലയിലെ യഥാര്‍ത്ഥങ്ങളായ പ്രശ്നങ്ങളെ പരിഹരിക്കുക എന്നതോ ആവില്ല; മറിച്ച്, താന്താങ്ങളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ഇംഗിതം കാത്ത് സൂക്ഷിക്കുക, അതതു രാഷ്ട്രീയ സംഘടനകള്‍ക്ക് ഭൌതികമായ വളര്‍ച്ച ഉണ്ടാക്കികൊടുക്കുക എന്നീ നിലകളിലേക്ക്  ചുരുങ്ങിപോയിരിക്കുന്നു. ഈ സംഘടനയുടെ പേരിലുള്ള വിദ്യാര്‍ത്ഥി പ്രതിനിധികളെ യഥാര്‍ത്ഥത്തിലുള്ള വിദ്യാര്‍ത്ഥിപ്രതിനിധികളായി കാണാന്‍ സാധിക്കില്ല; മറിച്ച് വിദ്യാഭ്യാസമേഖലക്കു വെളിയിലുള്ള രാഷ്ട്രീയ യജമാനന്‍മാരുടെ കിങ്കരന്‍മാരായെ കാണാന്‍ സാധിക്കൂ. സ്വാഭാവികമായും വിദ്യാഭ്യാസമേഖലയുടെ യഥാര്‍ത്ഥ പ്രശ്നങ്ങളും വിദ്യാഭ്യാസമേഖലയുടെ പുരോഗതിയെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളും ഇവര്‍ക്കജ്ഞാതങ്ങളാണ്; അല്ലെങ്കില്‍ അവ ഇവരുടെ പരിഗണനയില്‍ വരുന്ന വിഷയങ്ങളല്ല. അതായത് വിദ്യാഭ്യാസ മേഖലയെ പുരോഗതിയിലേക്ക് നയിക്കാന്‍ പര്യാപ്തമായ ജനാധിപത്യപരമായ ഇടപെടലുകള്‍ ഇവരില്‍നിന്നും ഉണ്ടാകുന്നില്ല എന്ന്‍ സാരം.

ഈ അവസ്ഥാവിശേഷം ഒരു വശത്ത് വിദ്യാഭ്യാസമേഖലയെ തളര്‍ത്തുന്നതിനോപ്പം മറുവശത്ത് സാമൂഹികമായ അധഃപതനത്തിനു കാരണമാവുകയും ചെയ്യുന്നു. നമ്മുടെ കലാലയങ്ങളില്‍ ഓരോ വര്‍ഷവും വിവിധങ്ങളായ വിഷയങ്ങളില്‍ ബിരുദ/ബിരുദാനന്തര കോഴ്സുകള്‍ പഠിക്കുന്നതിനായി അഡ്മിഷന്‍ എടുക്കുന്ന കുട്ടികളില്‍, ചെറുതെങ്കിലും സാരവത്തായ ഒരു വിഭാഗം വിദ്യാര്‍ത്ഥിരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ മാത്രം ലക്ഷ്യമാക്കി വരുന്നവരാണ്. വിദ്യാഭ്യാസം അവരുടെ ലക്ഷ്യമോ അവകാശമോ ഒന്നുമല്ല. ഇങ്ങനെ വരുന്ന വിദ്യാര്‍ത്ഥിയുടെ പ്രച്ഛന്നവേഷം പൂണ്ട രാഷ്ട്രീയ കിങ്കരന്മാര്‍ ആദ്യമായി ചെയ്യുന്നത് അവരുടെ സംഘത്തിലേക്ക് മറ്റ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുക എന്നുള്ളതാണ്. സാമം, ദാനം, ഭേദം, ദണ്ഡം എന്നിങ്ങനെ മസ്തിഷ്കപ്രക്ഷാളനമുള്‍പ്പെടെയുള്ള പല ക്രിയകളിലൂടെ ഇവര്‍ ഇത് സാധിച്ചെടുക്കുന്നു. അതോടൊപ്പം തന്നെ മറ്റ് സംഘടനകളെ ഇല്ലായ്മ ചെയ്യുവാനും ഇവര്‍ ശ്രമിക്കുന്നു. അതും ഇവരുടെ പ്രധാനമായ ഒരു ദൌത്യമാണ്. ജനാധിപത്യത്തിന്‍റെ നഗ്നമായ ധ്വംസനം!

ഈയൊരു സ്ഥിതിവിശേഷത്തില്‍, അധികാരികള്‍ പലപ്പോഴും പ്രബലരായ സംഘടനകല്‍ക്കൊപ്പം നില്‍ക്കുന്നതായാണ് കാണാറ്. ഇതുണ്ടാക്കുന്ന അവസ്ഥാവിശേഷം ഭീകരമാണ്. അതാണ്‌ മഹാരാജാസിലും മറ്റ് പല കാമ്പസുകളിലും കാണുന്ന രാഷ്ട്രീയ അരാജകത്വത്തിന് കാരണം. ലളിതമായി പറഞ്ഞാല്‍, കാമ്പസുകളില്‍ കുട്ടികളെ അവരുടെ ഇഷ്ടത്തിന് (തോന്നിവാസത്തിനു) വിടുന്ന അവസ്ഥ! അവര്‍ തീരുമാനിക്കും; അവര്‍ നടപ്പാക്കും. എതിര്‍ത്താല്‍, എതിര്‍ക്കുന്നവര്‍ അരാഷ്ട്രീയവാദികളാകും, അങ്ങനെയുള്ളവരെ ശാസിക്കാനും അവരുടെ ആത്മവീര്യം തകര്‍ക്കാനും അവര്‍ക്ക് മേലുള്ള അധികാരികളും ഉണ്ടാകും. കൂടാതെ അഭിനവ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും മറ്റും ഇക്കാര്യത്തില്‍ ഈ പ്രച്ഛന്നവേഷധാരികള്‍ക്കൊപ്പവും ഉണ്ടാകും.

നമ്മുടെ പുതുതലമുറയെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റിയെടുക്കേണ്ടവരും, വഴികാട്ടികളായി നില്‍ക്കേണ്ടിയിരുന്നവരും ആയ ഈ മുതിര്‍ന്നവര്‍, തങ്ങളുടെ ഉത്തരവാദിത്തം മറന്ന്‍, സമൂഹത്തിനു അസ്ഥിരതയുണ്ടാക്കുന്ന തലത്തിലേക്ക്  ഇവരെ തെറ്റായി നയിച്ച് കാമ്പസുകളില്‍ അരാജകത്വം വളര്‍ത്തുന്നു; ഈ കുട്ടികളെ അറിവില്ലായ്മയിലേക്ക് നയിച്ച് കൊലക്ക് കൊടുക്കുന്നു.



സാമൂഹികസുരക്ഷ (social security), അത്ര മികച്ചതൊന്നുമല്ലാത്ത നമ്മുടെ നാട്ടില്‍, പ്രത്യേകിച്ചും രാത്രികാലങ്ങളില്‍, കാമ്പസുകളില്‍ ഉത്തരവാദിത്തപ്പെട്ടവരുടെ (അദ്ധ്യാപകര്‍, ഹോസ്റ്റല്‍ വാര്‍ഡന്‍) നിയന്ത്രണമില്ലാതെ പല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുവാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നുള്ളത് ഗൌരവമായി കാണേണ്ട സംഗതിയാണ്. അങ്ങിനെയൊരു അവസ്ഥാവിശേഷമുള്ളതുകൊണ്ട് മാത്രമാണ് ക്രിമിനലുകള്‍ കുട്ടികളെ ആക്രമിക്കുന്നതിനും, കൊലപാതകം നടത്തുന്നതിനും പോലും ഇടയായത്. ഈ അവസ്ഥാവിശേഷം സംജാതമാക്കുന്ന വ്യവസ്ഥിതി ഉണ്ടാകുന്നതിനു കാരണക്കാരായവരും ഈ ക്രിമിനലുകള്‍ക്കൊപ്പം കുറ്റക്കാരാണെന്ന്‍ പറയാം. കാമ്പസുകളിലെ ഈ സ്ഥിതി കേരളം അതീവ ഗൌരവത്തോടെ കാണ്ടേണ്ട കാലം അതിക്രമിച്ചു. ഒരര്‍ത്ഥത്തില്‍, നാം കുട്ടികളെ കൊലക്കു കൊടുക്കുകയാണ്. നന്‍മയുള്ള ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കേണ്ട ഈ കുട്ടികള്‍ എങ്ങുമെത്താതെ, അധപതനത്തിന്‍റെ മാര്‍ഗത്തിലൂടെ സാമൂഹിക സുരക്ഷിതത്തിനു ഭീഷണിയുള്ള ഒരു വിഭാഗമായി മാറുന്നു. അതിലൂടെ എത്ര കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇല്ലായ്മ ചെയ്യപ്പെടുന്നത്? ഈ പകപോക്കല്‍ രാഷ്ട്രീയ കാട്ടാളത്തം അവസാനിക്കാതെ, കേരളത്തിന്‍റെ വിദ്യാഭ്യാസമേഖല പുരോഗമിക്കുകയുമില്ല; നമ്മുടെ സാമൂഹിക ജീവിതം മികവിലേക്ക് ഉയരുകയുമില്ല.

-   പ്രസാദ്‌. എസ്

തിങ്കളാഴ്‌ച, ഡിസംബർ 08, 2014

ചുംബനസമരത്തിന്‍റെ നീതിബോധം


ഒരു നാടിന്‍റെ സാംസ്കാരിക പുരോഗതിയെ എങ്ങനെ വിലയിരുത്താം? ഏത് അളവുകോലുകൊണ്ടാണ് സംസ്കാരത്തെ അല്ലെങ്കില്‍ സാംസ്കാരിക പുരോഗതിയെ അളക്കാന്‍ സാധിക്കുക? എല്ലാ ദേശങ്ങള്‍ക്കും, രാജ്യങ്ങള്‍ക്കും, മൊത്തത്തില്‍ മാനവരാശിക്കു മുഴുവനായും ഉപയോഗിക്കാന്‍ തക്ക ബലമുള്ള' അളവുകോലായി ഒന്നുണ്ടാകുമോ? ഇങ്ങനെ ചില ചോദ്യങ്ങളും സംശയങ്ങളും മനസ്സില്‍ തോന്നാന്‍ കാരണം, നമ്മുടെ പൊതുമണ്ഡലത്തില്‍ അടുത്തകാലത്തായി ഉയര്‍ന്നു  വന്ന  ചില സമരരീതികളും തുടര്‍ന്ന്  മുഖ്യധാരാ മാധ്യമങ്ങളിലും പൊതുവേദികളിലുമുണ്ടായ ചര്‍ച്ചകളുമാണ്. മറ്റൊുമല്ല, ‘ചുംബനസമരവും തുടര്‍ന്ന്   സംഭവിച്ച ആലിംഗന'സമരവുമാണ് വിഷയം.
ഒരു വശത്ത് ചുംബനം' എന്ന ക്രിയയുടെ വിശുദ്ധിയും അതിന്‍റെ വൈകാരികമായ (emotional) പ്രാധാന്യത്തെയും ഉയര്‍ത്തിക്കാട്ടി, അത് അവകാശം എന്ന നിലയില്‍ (അവകാശം എന്നാല്‍, എവിടെയും - പൊതുവേദിയില്‍ - ആര്‍ക്കും ഈ ക്രിയയില്‍ ഏര്‍പ്പെടാനുള്ള അവകാശം) അംഗീകരിക്കപ്പെടേണ്ടതിനെക്കുറിച്ച് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കാനുള്ള ശ്രമവുമായി ഒരു വിഭാഗം. മറുവശത്ത്, ഇത് കേവലം ആഭാസമാണ്; മറയ്ക്കേണ്ടത് മറച്ചുകൊണ്ടുതന്നെവേണം നിര്‍വഹിക്കാന്‍. ഇത്തരം വൈകാരിക പ്രകടനം പൊതുവേദിയില്‍ നടത്തുന്നത്  അന്തസ്സിന് (സംസ്കാരത്തിന് എന്ന് കൂട്ടിവായിക്കുക) ചേര്‍ന്നതല്ല  എന്ന മുറവിളിയുമായി മറ്റൊരു വിഭാഗം. ഇവിടെ ആരാണ് ശരി, ആരാണ് തെറ്റ് എന്ന് മനസ്സിലാക്കുവാന്‍ വെപ്രാളപ്പെടുന്ന ഒരു വലിയ വിഭാഗം നിശബ്ദരായി തങ്ങളുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കുവാന്‍ ശ്രമിക്കുന്നു.



ഈ ഒരു സാഹചര്യം നമ്മുടെ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുവാനുണ്ടായതിന്‍റെ കാരണം സാമൂഹികവിരുദ്ധരുടെ അടുത്ത കാലത്തുണ്ടായ ചില പ്രവര്‍ത്തനമാണെന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണ്. നമ്മുടെ സമൂഹത്തില്‍ കഴിഞ്ഞ കുറേക്കാലമായി സദാചാര' പ്രവര്‍ത്തികള്‍ ഉറപ്പുവരുത്തുതിന് എന്ന മറവില്‍ നടമാടുന്ന ചില സാമൂഹിക വിരുദ്ധ പ്രവര്‍ത്തികളുടെ തുടര്‍ച്ച. ഇത്തരക്കാര്‍ സദാചാര' പോലീസ് എന്ന ഓമനപേരില്‍ അറിയപ്പെടുന്നു. ഒരര്‍ത്ഥത്തില്‍പ്പറഞ്ഞാല്‍ ഇവര്‍ നിയമം കൈയ്യിലെടുക്കുന്ന ഒരു സ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്നു. അതായത് നിയമപരിപാലകരുടെ അഭാവത്തില്‍ നിയമം നടത്താന്‍ ഉത്തരവാദിത്വമുള്ളവര്‍ എന്ന മട്ടില്‍ പെരുമാറുന്നു. ഇവിടെ നിയമം എന്നത് നിര്‍വചിക്കപ്പെടുന്നത് ഇത്തരം സാമൂഹിക വിരുദ്ധരുടെ മനോധര്‍മ്മമനുസരിച്ചാണ്. അതുകൊണ്ടുതന്നെ സാമൂഹിക വിരുദ്ധമായ പ്രവര്‍ത്തി എന്നുമാത്രമേ ഇത്തരം പ്രവര്‍ത്തികളെ വ്യാഖ്യാനിക്കാനാകൂ.

ഏറെ വിമര്‍ശിക്കപ്പെട്ട ഇത്തരം ഒരു പ്രവര്‍ത്തിയായിരുന്നു, അടുത്ത കാലത്ത് കോഴിക്കോട്ട് ഒരു ഹോട്ടലിന്‍റെ കുറേഭാഗം, സാമൂഹിക വിരുദ്ധര്‍ അടിച്ചുതകര്‍ത്തത്. ഏതോ പ്രണയ ജോഡികള്‍ സദാചാര' വിരുദ്ധ നടപടിയില്‍ ഏര്‍പ്പെടുന്നതിന് ഹോട്ടല്‍ ജീവനക്കാര്‍ ഒത്താശ ചെയ്തു എന്നാരോപിച്ചാണ് ഈ ഹോട്ടലിന്‍റെ ചില ഭാഗങ്ങള്‍ അടിച്ചു തകര്‍ത്തത്. ഇവിടെ സദാചാര വിരുദ്ധ നടപടി ഈ പ്രണയ ജോഡികളുടെ പ്രവര്‍ത്തിയാണോ, അതോ ഈ പ്രവര്‍ത്തിക്ക് ഒത്താശ ചെയ്ത ഹോട്ടല്‍ ജീവനക്കാരുടെ ഇടപെടലാണോ, അതോ ഈ സദാചാര പ്രവര്‍ത്തി മൊബൈല്‍ ഫോണ്‍ക്യാമറയിലെടുത്ത് ചാനലിന് കൈമാറിയതാണോ? അതുമല്ലെങ്കില്‍ ഈ സ്വകാര്യ നടപടി പരസ്യപ്പെടുത്തിയ ചാനലിന്‍റെ ഇടപെലാണോ? ഇവിടെ എതിര്‍ക്കപ്പെടേണ്ട ഒരു പ്രധാന കാര്യം, സദാചാര പോലീസ് ചമഞ്ഞെത്തിയ ആള്‍ക്കാരുടെ അക്രമം തന്നെയാണ്. അതേ ഗൗരവത്തില്‍ത്തന്നെ സ്വകാര്യതയെ ക്യാമറയിലാക്കിയ ഞരമ്പുരോഗിയുടെ പ്രവര്‍ത്തിയും, അത് പരസ്യപ്പെടുത്തിയ ചാനല്‍ കാണിച്ച സാമൂഹിക വിരുദ്ധ നടപടിയും എതിര്‍ക്കപ്പെടേണ്ടതായിരുന്നു. ഇപ്പറഞ്ഞ സാമൂഹിക വിരുദ്ധ നടപടികളെ ആരും കാര്യമായി എതിര്‍ത്തു കണ്ടില്ല എന്നത് ഒരു വിരോധാഭാസമാണ്. ഇവിടെ ഏറ്റവും ശക്തമായ എതിര്‍പ്പ് ഉണ്ടായത് സദാചാര പോലീസ് ചമഞ്ഞെത്തിയ രാഷ്ട്രീയഗുണ്ടകള്‍ നടത്തിയ അക്രമമെന്നത് സ്വാഭാവികമാണ്. നമ്മുടെ സമൂഹത്തിന്‍റെ സവിശേഷമായ സ്വഭാവമാണ് അത് കാണിക്കുന്നത്‌.

ഇപ്പറഞ്ഞ സാമൂഹിക വിരുദ്ധമായ സദാചാര പോലീസിംഗിനെ എതിര്‍ത്തുകൊണ്ടാണ് പുത്തന്‍ സമരമുറയായ ചുംബന' സമരം അരങ്ങേറിയത്. അപ്പോള്‍ പ്രസക്തമായ ചോദ്യം ചുംബനം എന്ന ക്രിയ ഏതര്‍ത്ഥത്തില്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. അത് അമ്മയും കുഞ്ഞും തമ്മിലുള്ളതാണോ? സഹോദരങ്ങള്‍ തമ്മിലുള്ളതാണോ, അതോ സുഹൃത്തുക്കള്‍ തമ്മിലുള്ളതാണോ, അതുമല്ല പ്രണയജോഡികള്‍ തമ്മിലുള്ള ചുംബനമാണോ എന്നുള്ളതാണ്. പ്രധാനമായും സാമൂഹിക വിരുദ്ധ സദാചാര പോലീസിനെ ചൊടിപ്പിക്കുന്നത് പ്രണയ ജോഡികള്‍ തമ്മിലുള്ള ചുംബനമായിരിക്കണം. സുഹൃത്തുക്കള്‍ തമ്മിലുള്ള ചുംബനവും (പ്രത്യേകിച്ചും ആണ്‍സുഹൃത്തും പെണ്‍ സുഹൃത്തും) തെറ്റിദ്ധരിക്കപ്പെടാന്‍ കൂടുതല്‍ സാധ്യതയുണ്ട്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം/സൗഹൃദം നിര്‍ണ്ണയിക്കുതില്‍ സ്പര്‍ശനത്തിനുള്ള പങ്ക് നിസ്തുലമാണ്. അതില്‍തന്നെ ചുംബനത്തിനുള്ള സ്ഥാനം വളരെ വലുതാണ്. ചുംബനത്തിലൂടെ വൈകാരികമായ അടുപ്പമാണ് സ്ഥാപിക്കുക. വിവിധങ്ങളായ ചുംബനങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം അര്‍ത്ഥം തന്നെയുണ്ട്. ഈ അവസരത്തില്‍ ചുംബനത്തിന്‍റെ മനഃശാസ്ത്രത്തെപ്പറ്റി കൂടുതലായി സൂചിപ്പിക്കേണ്ടതിന്‍റെ ആവശ്യമില്ല. ഇവിടെ ആണും പെണ്ണും തമ്മിലുള്ള ചുംബനമാണ് വില്ലന്‍. ഒരേ ലിംഗത്തില്‍ തന്നെയുള്ളവര്‍ ചുംബിക്കുന്ന തിന്‍റെ നാനാര്‍ത്ഥതലങ്ങള്‍ ഇപ്പോഴത്തെ സദാചാര'വാദികള്‍ കണക്കിലെടുക്കുമെന്നു തോന്നുന്നില്ല. പാശ്ചാത്യനാടുകളിലെ സദാചാരവാദികളുടെ മുഖ്യപ്രശ്നം അതാണ്! അതവിടെ നില്ക്കട്ടെ.


ഈ സദാചാര പോലീസിന്‍റെ സമാനമായ സാമൂഹിക വിരുദ്ധ പോലിസിംഗ് മറ്റു മേഖലകളിലും സാധാരണമാണ്. നിയമവാഴ്ചയുള്ള ഒരു രാജ്യത്ത് നിയമപാലകരല്ലാത്തവര്‍ പലപ്പോഴും നിയമം കയ്യിലെടുക്കുന്ന അവസ്ഥ തീര്‍ച്ചയായും സാമൂഹിക വിരുദ്ധം തെയാണ്. നമ്മുടെ പല കോളേജ്/യൂണിവേഴ്സിറ്റി ക്യാമ്പസുകളും അതിനുദാഹരണമാണ്. ചില പ്രത്യേക വിഭാഗ(പലപ്പോഴും രാഷ്ട്രീയ സംഘടനകള്‍)ത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ നിയമം കയ്യിലെടുക്കുന്ന അവസ്ഥ. അവര്‍ തീരുമാനിക്കും വിദ്യാര്‍ത്ഥികളുടെ ക്യാമ്പസിലെ ജീവിതം. ഇലക്ഷന് ആരു മത്സരിക്കണം, മത്സരിക്കേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ഇത്തരം സംഘടനകളാണ്. എതിര്‍ഗ്രൂപ്പിലുള്ളവര്‍ക്ക് അല്ലെങ്കില്‍ ഈ ഗ്രൂപ്പില്‍പ്പെടാത്തവര്‍ക്ക് യാതൊരു അഭിപ്രായ സ്വാതന്ത്ര്യവുമില്ലാത്ത അവസ്ഥ. എതിര്‍ഗ്രൂപ്പിലെ ആളാണ് എന്നതുകൊണ്ടുമാത്രം തല്ലുകിട്ടുന്ന അവസ്ഥ. ഇഷ്ടമില്ലാത്ത അച്ചി ചെയ്യുന്നതെല്ലാം കുറ്റം എന്നകണക്കേ തങ്ങളുടെ എതിര്‍ഗ്രൂപ്പിനെ അടച്ചെതിര്‍ത്ത് ക്യാമ്പസില്‍ പ്രവര്‍ത്തിക്കാനനുവദിക്കാതെ തികച്ചും ജനാധിപത്യധ്വംസനം നടത്തു അവസ്ഥ, കേരളത്തിലെ പല പ്രമുഖ ക്യാമ്പസുകളുടെയും ദുര്യോഗമാണ്. സദാചാരപോലീസും, ഇത്തരം (അ)രാഷ്ട്രീയ പ്രവര്‍ത്തനവും തമ്മില്‍ എന്താണു വ്യത്യാസം? ഇത്തരം പീറ രാഷ്ട്രീയ നിലപാടിനെയും സമൂഹം എതിര്‍ത്ത് തുരത്തിയോടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമാനമായ സാമൂഹിക വിരുദ്ധപോലീസിംഗ് ഇങ്ങനെ സമൂഹത്തിന്‍റെ വിവിധ തുറകളിലായി ഒളിഞ്ഞും തെളിഞ്ഞും കാണാന്‍ കഴിയും. ഏതുതരത്തിലുള്ള സാമൂഹിക വിരുദ്ധ പോലീസിംഗും എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. ഇത്തരം പ്രവണത വര്‍ദ്ധിച്ചു വരുന്നതിന്‍റെ മുഖ്യകാരണം നിയമവാഴ്ച വേണ്ടത്ര പ്രയോഗത്തില്‍ വരാത്തതിനാലാണെന്നു ശങ്കിക്കേണ്ടിയിരിക്കുന്നു.

ഇനി പുതിയ സമരമാര്‍ഗ്ഗത്തിന്‍റെ യുക്തിയെപ്പറ്റി വിശകലനം ചെയ്യാം. ആണും പെണ്ണും തമ്മിലുള്ള ചുംബനം പരസ്യമായപ്പോള്‍ അതിനെതിരെ സാമൂഹിക വിരുദ്ധരായ ഒരു കൂട്ടം ആള്‍ക്കാര്‍ ശക്തമായ എതിര്‍പ്പിലൂടെ തങ്ങളുടെ നിലപാടു വ്യക്തമാക്കുന്നു. ചുംബനം എന്നത് നിയമപരമായോ ധാര്‍മ്മികമായോ തെറ്റായ സംഗതിയൊന്നുമല്ല. അപ്പോള്‍ ഇത്തരമൊരു അന്ധമായ എതിര്‍പ്പ് തികച്ചും സാമൂഹിക വിരുദ്ധമെന്നേപറയേണ്ടൂ. ഈയൊരുതലത്തിലുള്ള സദാചാര പോലീസിംഗിനു ശക്തമായ മറുപടി കൊടുക്കുതിനാണ് പൊതുവേദിയില്‍ പരസ്യമായി ചുംബിച്ചുകൊണ്ട് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ ഒത്തുകൂടിയത്. ഈ ഒരു സമരത്തോടെ, ചുംബനം പരസ്യമായി ചെയ്യാവുന്ന കൃത്യമായി അംഗീകരിക്കണം എന്ന ഒരു ആഹ്വാനം ഉണ്ടായതുപോലെയാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ്ങിലൂടെ മനസിലാക്കുവാനായത്. യഥാര്‍ത്ഥത്തില്‍, ചുംബനം സാമൂഹികമായോ ധാര്‍മ്മികമായോ തെറ്റായ സംഗതിയാണെന്ന് പറഞ്ഞു കേട്ടിട്ടില്ല. ചുംബനം പോലെ വൈകാരികമായ/ ഊഷ്മളമായ ഒരു പ്രവര്‍ത്തിയെ മാര്‍ക്കറ്റിംഗിനായി ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള സൗഹൃദത്തിന്‍റെ/ ബന്ധത്തിന്‍റെ ഊഷ്മളതയാണ് ചുംബനത്തിലൂടെ കൈമാറുത്. അത് തികച്ചും സ്വകാര്യമായ (തികച്ചും വ്യക്തിപരം) ഒരു സംഗതിയാണ്. അത്, ഇത്തരത്തില്‍ public gimmickലൂടെ പ്രതിഷേധത്തിന്‍റെ ഒരു വഴി'യാക്കിയത് ഒരുതരംതാണപ്രവര്‍ത്തിതന്നെയാണ്. കോഴിക്കോട്ടെ സംഭവത്തിലെ അഭിനവ സദാചാരവാദികള്‍ക്ക് ചുട്ടമറുപടി കൊടുക്കുവാനായി അനുവര്‍ത്തിച്ച രീതി ശരിയായില്ലെന്നു മാത്രമാണ് ഇവിടെ ഉദ്ദേശിച്ചുള്ളൂ. സാമൂഹിക നീതി എന്ന ലക്ഷ്യം മു ന്നില്‍ കണ്ടാണെങ്കില്‍ എത്രയോ ക്രിയാത്മകമായി ഇവര്‍ക്കു പ്രതികരിക്കാമായിരുന്നു. പക്ഷെ അവിടെ വിപണി' ലഭിക്കണമെന്നു നിര്‍ബന്ധമില്ല. ഈ രീതിയില്‍ സമരം ചെയ്തതിലൂടെ ഇന്നത്തെ വിപണന തന്ത്രം ഏതു രീതിയിലാവണം എന്ന് ഇവര്‍ അടിവരയിട്ടു സമര്‍ത്ഥിക്കുകയാണ്. ഒരുതരം അന്ധമായ പാശ്ചാത്യ അനുകരണം. പല പാശ്ചാത്യ നാടുകളിലും ജന/മാധ്യമ/ലോക ശ്രദ്ധ ലഭിക്കുതിനായി ഇത്തരം പല സമരമുറകളും കാണാറുണ്ട്. അതൊക്കെത്തന്നെ തങ്ങളെ തങ്ങള്‍ത്തന്നെമാര്‍ക്കറ്റ് ചെയ്യു ന്ന ഒരു പ്രവണതമാത്രമാണ്. ഇനി സാമൂഹിക നീതി എന്ന ലക്ഷ്യമാണ് പ്രധാന ദര്‍ശനമെങ്കില്‍ ഇതിനേക്കാള്‍ (സദാചാര പോലീസിംഗ്) എത്രയോ ദാരുണമാണ് സാമൂഹികമേഖലയില്‍ കാണുന്ന പല കുഴപ്പങ്ങളും. ഇങ്ങ് വില്ലേജ് ഓഫീസ് മുതല്‍, അങ്ങ് മന്ത്രിമാരുടെ ഓഫീസ് വരെ നീളുന്ന പാവപ്പെട്ടവരുടെ കീശ കാലിയാക്കുന്ന അഴിമതി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ദുരിതം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമം, പ്രായമായ അച്ഛനെയും അമ്മയെയും നടതള്ളുന്ന മക്കളുടെ പെരുമാറ്റം, അങ്ങനെ എന്തൊക്കെ, എന്തൊക്കെ?  ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ക്ക് എതിരായ ഒരു പ്രതിഷേധ സ്വരമുയര്‍ത്തിയാല്‍ അതിനൊന്നും ഒരു മാര്‍ക്കറ്റ് ഉണ്ടാകണമെന്നില്ല. ഇങ്ങനെയുള്ള സാമൂഹിക പ്രശ്നങ്ങള്‍ അര്‍ഹമായ പരിഗണനയില്‍ പൊതുസമൂഹത്തില്‍ അവതരിപ്പിച്ച് പ്രതിഷേധത്തിന്‍റെ സമരമാര്‍ഗവുമായി പോകാന്‍ ആര്‍ക്കാണ് നേരം? യുവത്വത്തിന്‍റെ വലിയ ശക്തി ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കായി ഗതി തിരിഞ്ഞു വന്നിരുന്നുവെങ്കില്‍ നമ്മുടെ നാട് എത്രയോ നന്നായി വരുമായിരുന്നു.

ഇതിനിടയില്‍ ഈ സമരമുറയെ പരിഹസിച്ചുകൊണ്ട്/എതിര്‍ത്തുകൊണ്ട് വലിയ പ്രതിഷേധമുണ്ടായി. സാംസ്കാരിക അധ:പതനം; സംസ്കാരത്തിനു യോജിക്കാത്ത സമരമുറ എന്നിങ്ങനെ. നമ്മുടെ സംസ്കാരം എന്തെന്നുള്ളതായി അപ്പോഴത്തെ ആലോചന. ചിലര്‍ പതിറ്റാണ്ടുകള്‍ പിറകോട്ടു പോയി. മാറുമറയ്ക്കല്‍ സമരത്തിന്‍റെ കാര്യം പറയുകയുണ്ടായി. അതോടൊപ്പം ഉച്ചനീചത്വത്തിന്‍റെ കാണാപ്പുറങ്ങള്‍ പലതും ഓര്‍ത്തെടുത്തു. ഇതൊക്കെയാണോ നമ്മുടെ സംസ്കാരം എന്നു ചിലര്‍ വാദിച്ചു. ഈ സംസ്കാരത്തിലേക്കു നമ്മള്‍ മടങ്ങി പോകണമോ എന്നും ചിലര്‍ ചോദിച്ചു. നാം ഒരു കാര്യം മനസ്സിലാക്കണം, സംസ്കാരം എന്നത് ഒരു ചെറിയ കാലയളവുകൊണ്ട് ഉരുത്തിരിഞ്ഞു വരുന്ന ഒന്നല്ല. സംസ്കാരം എന്നതിലുപരി ധാര്‍മ്മികം എന്ന ആശയത്തിലൂടെ ഈ പ്രശ്നം കൈകാര്യം ചെയ്യാവുതാണ് നല്ലതെന്നു തോന്നുന്നു. കാരണം ഒരു സംസ്കാരം നല്ലതോ മോശമോ എന്നു പറയുക എളുപ്പമല്ല. അതിനു സഹായിക്കുന്ന ഒരു പൊതുഅളവുകോല്‍ ഇല്ല എന്നുതന്നെപറയാം. എന്നാല്‍ ധാര്‍മ്മികത എന്നതിന് ഭാരതീയരെ സംബന്ധിച്ച് ഒരു നിര്‍വചനമുണ്ട് എന്നു നമുക്ക് തീര്‍ച്ചയായും പറയാം. ആ ധാര്‍മ്മികബോധം ഉള്ളതുകൊണ്ടുതെയാണ് ഭാരതീയ സംസ്കൃതി ഇന്നും നിലനില്‍ക്കുത്. ഇന്നു നിലനില്‍ക്കുന്ന ഏറ്റവും പുരാതന സംസ്കൃതി ഇതു തന്നെയാണ് എന്ന പരമാര്‍ത്ഥം നാം ഒരിക്കലും മറക്കരുത്. ഒരു പാശ്ചാത്യ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ കഴിയുന്ന ഒന്നല്ല ഇതിന്‍റെ വ്യാപ്തി. ആ ധാര്‍മ്മിക ബോധം എന്ത് എന്ന് മനസ്സിലാക്കുക. അവിടെ ചുംബനം ഒരു തെറ്റായ സംഗതിയാണെന്നെന്നും വ്യാഖ്യാനമില്ല. മു ന്‍പു  പറഞ്ഞതുപോലെ സ്വകാര്യമായ ഒരു പ്രവര്‍ത്തി മാത്രമാണ്. ആ സ്വകാര്യത ഭഞ്ജിക്കപ്പെട്ടാല്‍, അത് ഭഞ്ജിച്ചവരാണ് കുറ്റക്കാര്‍, അല്ലാതെ ആ പ്രവര്‍ത്തിയിലേര്‍പ്പെടുന്നവരല്ല, അതാണ് പരമാര്‍ത്ഥം. അതല്ലാതെ സ്വകാര്യമായ പ്രവര്‍ത്തിയെ വീണ്ടും വീണ്ടും പൊതുവേദിയിലൂടെ ഒരു പ്രഹസനമാക്കുന്ന നടപടി തികച്ചും വിപണിയെ ലക്ഷ്യമിട്ട് നടത്തുന്ന അല്പത്തമുള്ള ഒരു കപടനാടകം മാത്രമാണ്. യുവശക്തിയെ എത്രയോ മികച്ചരീതിയില്‍ സാമൂഹിക നീതി ഉറപ്പുവരുത്തുതിനായി വിനിയോഗിക്കാമായിരുന്നു.

ഒരു കാര്യം മനസ്സിലാക്കുക, നമ്മുടെ വ്യക്തിപരമായ പല കാര്യങ്ങളും സ്വകാര്യമായിത്ത ന്നെചെയ്യാനുള്ളതാണ്. അതൊന്നും നിയമവിരുദ്ധമല്ലാത്ത കര്‍മ്മങ്ങളായതുകൊണ്ട് അതൊക്കെ ആര്‍ക്കും എപ്പോഴും എവിടെ വേണമെങ്കിലും നിര്‍വഹിക്കാന്‍ സാധിക്കണമെന്ന് പറയുത് ശുദ്ധഭോഷ്കാണ്. തുടര്‍ന്ന് ആലിംഗന സമരം എന്ന പ്രതിഭാസം കണ്ടു. ആലിംഗനവും നിയമവിരുദ്ധമായ ഒന്നല്ല. ഇതിനേയും എന്തിനെതിര്‍ക്കണം? ഇത്തരം ചിന്തകള്‍ സ്വാഭാവികമായും ഉടലെടുക്കുന്നത് ക്യാമ്പ സുകളില്‍ നിന്നാണ്. ഒരു വിദ്യാര്‍ത്ഥിയുടെ ലക്ഷണമായി ഭാരതീയ ധാര്‍മ്മികത പറയുത്:
അല്പാഹാരം, ജീര്‍ണ്ണവസ്ത്രം, ബകധ്യാനം, കാകദൃഷ്ടി, ശ്വാനനിദ്ര, ബ്രഹ്മചര്യം എന്നുള്ളതാണ്. അങ്ങനെയൊക്കെപ്പറയുന്ന ഭാരതീയ വിജ്ഞാനത്തിന്‍റെ ആഴവും പരപ്പും എന്നും പാശ്ചാത്യരെപ്പോലും വിസ്മയിപ്പിച്ചിട്ടേയുള്ളൂ. ഇത്തരത്തിലുള്ള ധാര്‍മ്മികമൂല്യങ്ങള്‍ ഭാരതീയരുടെ വിദ്യാഭ്യാസത്തില്‍ വലിയ ഒരളവുവരെ സ്വാധീനം ചെലുത്തി എന്നുപറഞ്ഞാല്‍ അത് അതിശയോക്തി ആവില്ല. ഭാരതീയ വിദ്യാര്‍ത്ഥികള്‍ എന്നും മികച്ച നിലവാരം പുലര്‍ത്തിയിരുന്നു എന്ന് നമ്മള്‍ പലപ്പോഴും കേള്‍ക്കാറുള്ളതാണ്. അന്ധമായ പാശ്ചാത്യ അനുകരണങ്ങളിലൂടെ നമ്മുടെ ധാര്‍മ്മികബോധം വലിയ തോതില്‍ അപചയപ്പെടുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. അങ്ങനെ ഒരു പരിധിവരെ, പൊള്ളയായ ധാര്‍മ്മികബോധം പേറുന്നവര്‍ എന്നും നാം പഴി കേള്‍ക്കുന്നുണ്ട്. ഈ ഒരു പോരായ്മ മറികടക്കുതിനുപകരം, നമ്മുടെ വിദ്യാര്‍ത്ഥികള്‍ കേവലം ഭൗതികമായ താല്പര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധകൊടുത്തുകൊണ്ട് പഠനകാര്യങ്ങളില്‍ പിന്നോക്കം പോകുന്നുവെന്നുള്ളത് എടുത്തുപറയേണ്ട ഒരു സംഗതിയാണ്. ഈ സാഹചര്യത്തിനനുസരിച്ച് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും നിലവാരത്തകര്‍ച്ച നേരിടുന്നുവെന്നുള്ളതും ചേര്‍ത്ത് വായിക്കേണ്ടതാണ്. നമ്മുടെ സാമൂഹികമായ ഉന്നമനം കേവലം ചുംബനസമരംകൊണ്ട് നേടാന്‍ പറ്റുന്ന കാര്യമൊന്നുമല്ല. പകരം അത് സാമൂഹികമായ അപചയം എന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും എന്ന് ഭയക്കേണ്ടിയിരിക്കുന്നു. സദാചാര പോലീസിംഗിനെ നിയന്ത്രിക്കുതിനും മറ്റും നിയമവാഴ്ചയുള്ള രാജ്യത്ത് നിയമത്തിന്‍റേതായ വഴി തേടണം. സാമൂഹിക നീതി ഉറപ്പാക്കുന്നതിന് നമ്മുടെ അന്തസ്സിന് ചേരുന്ന തരത്തിലുള്ള സമരമുറ കണ്ടെത്താനുള്ള ആര്‍ജ്ജവം യുവജനതയ്ക്കുണ്ടാകണം. എങ്കിലേ ബഹുജന പിന്തുണ ലഭിക്കുകയുള്ളൂ. ബഹുജനപിന്തുണ ഇല്ലാതെ ഒരു സമരവും വിജയിച്ച ചരിത്രമില്ല. കേവലം പാശ്ചാത്യ അനുകരണ പ്രലോഭനങ്ങളില്‍പ്പെടാതെ, നമ്മുടെ പൗരസ്ത്യ ജനതയുടെ അന്തസിനനുസരിച്ചുള്ള സമരമാര്‍ഗ്ഗം തേടണം. ഇവിടെയാണ് മഹാത്മജിയും മറ്റ് സ്വാതന്ത്ര്യസമരധീരരക്തസാക്ഷികളും  അനുവര്‍ത്തിച്ചിരുന്ന സമരരീതിയുടെ പ്രസക്തി.

ബുധനാഴ്‌ച, മാർച്ച് 10, 2010

പ്രിയ അദ്ധ്യാപക സുഹൃത്തേ,

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പതനത്തിന് ആക്കം കൂട്ടാനുതകുന്ന ഒരു തീരുമാനവുമായാണ്, ഇന്ന് കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നമ്മളടങ്ങുന്ന അദ്ധ്യാപകസമൂഹമാണ്, ഈയൊരവസ്ഥയ്ക്ക് ഒരു പരിധിവരെയെങ്കിലും കാരണമായത്. യു.ജി.സി. നടപ്പിലാക്കുന്ന ശമ്പളപരിഷ്കരണ പാക്കേജ്, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റത്തിന് വഴിതെളിക്കുന്ന ഒട്ടേറെ നിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും അടങ്ങിയതാണ്. ആറാം Pay Review Committee സംഘടിപ്പിച്ചപ്പോള്‍ അതിന്‍െറ വിഷയനിര്‍ദ്ദേശങ്ങളില്‍ (terms of reference) ത്തന്നെ വ്യക്തമാക്കുന്നത്, ഈ പരിഷ്കരണത്തിന്‍െറ പ്രധാന ഉദ്ദേശം, ഏറ്റവും മികവുള്ളവരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കയും, ഭാവിയില്‍ അവരെ ഇവിടെത്തന്നെ നിലനിര്‍ത്തുകയും ചെയ്യുക എന്നുള്ളതാണ്. ഈ പാക്കേജ്, അതില്‍പ്പറഞ്ഞിരിക്കുന്ന വ്യവസ്ഥകളോടെ നടപ്പിലാക്കുന്നതിന്, കേന്ദ്രസര്‍ക്കാര്‍ , സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികമായിവരുന്ന ചെലവിന്‍െറ 80% ധനസഹായം നല്കുന്നുമുണ്ട്.


എന്നാല്‍ , മാധ്യമങ്ങളടക്കമുള്ള പൊതുജന സംസാരത്തില്‍ , കോളെജ് അദ്ധ്യാപകര്‍ അനര്‍ഹമായ എന്തോ കാര്യത്തിന് മുറവിളിക്കൂട്ടുന്നു എന്ന ഒരു ധ്വനിയാണുള്ളത്. ഇതിനു കാരണം, കോളെജ് അദ്ധ്യാപകസമൂഹത്തിന്‍െറ വലിപ്പം താരതമ്യേന ചെറുതാണ് എന്നുള്ളതും, കൊളെജ് അദ്ധ്യാപകര്‍ പൊതിവെ അസംഘടിതരാണ് എന്നുള്ളതുമാണ്. നമ്മുടെ പക്ഷം ന്യായീകരിക്കാന്‍ , നമ്മുടെ ഭാഗത്തുനിന്നും, ഫലപ്രദമായ യാതൊരു ശ്രമവും നടന്നിട്ടില്ല. യു.ജി.സി. ശമ്പളപരിഷ്കരണം, അതില്‍പ്പറഞ്ഞിരിക്കുന്ന വ്യവസ്ഥകളോടെ ഇവിടെ നടപ്പാക്കേണ്ടത്, ആവശ്യം എന്നതിലുപരി നമ്മുടെ അവകാശമാണ്. ഈയൊരു സാഹചര്യത്തില്‍ നമ്മള്‍ ഒന്നിച്ച് നിന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നുമനസ്സിലാക്കണം . ഈ കൂട്ടായ്മയിലേക്ക്, നമ്മള്‍ ഒരോരുത്തരും മുന്നോട്ടു വരണം.

അദ്ധ്യാപകരോട്...

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച UGC സ്കീം, പാക്കേജായി സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലഘട്ടങ്ങളായി നടത്തി വന്നിരുന്ന സമരത്തിന്‍െറ ഭാഗമായി, 17.02.2010 മുതല്‍ KPCTA സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാരസമരം അനുഷ്ഠിക്കുകയുണ്ടായി. അതോടൊപ്പം ഇടതുപക്ഷ അദ്ധ്യാപക സംഘടനയും അവരുടേതായ സമരമാര്‍ഗങ്ങളില്‍ സജീവമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 3 ന്, അദ്ധ്യാപക സംഘടനാ പ്രതിനിധികള്‍ ബഹു. വിദ്യാഭ്യാസമന്ത്രിയുമായി ഒരു അനുരഞ്ജന ചര്‍ച്ച നടത്തുകയും, അതേ തുടര്‍ന്ന് സംഘടനകള്‍ സമരത്തില്‍ നിന്നും പിന്തിരിയുകയും ചെയ്തു. എന്നാല്‍ അടുത്തദിവസം വന്ന പത്രവാര്‍ത്തയില്‍ , യു.ജി.സി. പാക്കേജ്, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി, പെന്‍ഷന്‍ പ്രായം ഉയര്‍ത്താതെ, ശമ്പള സ്കെയില്‍ മാത്രം ഉയര്‍ത്തി, മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചു എന്നു വായിക്കുകയുണ്ടായി. നാം എന്തിനു വേണ്ടി സമരം ചെയ്തു എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു. ഭരണമുന്നണിയിലെ പ്രധാന രാഷ്ട്രീയ കക്ഷിയുടെ അദ്ധ്യാപക സംഘടനയുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്തുകൊണ്ടെന്നപോലെ,, 'യജമാനന്‍ ' കൊടുത്തതുകൊണ്ട് അവര്‍ക്കും തൃപ്തിപ്പെടേണ്ടി വന്നു.

പിന്നീട് മാര്‍ച്ച് 5 ന് ബഹു. ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ , കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമായി. 2006 ന് due ആയ യു.ജി.സി. ശമ്പള പരിഷ്കരണം, മുന്‍കാല പ്രാബല്യം പോലും ഇല്ലാതെ, കേവലം ശമ്പളപരിധി ഉയര്‍ത്തി, മാര്‍ച്ച് മാസം മുതല്‍ അദ്ധ്യാപകര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചു എന്നു പറയുകയുണ്ടായി. ഏകദേശം നാലു വര്‍ഷം, അദ്ധ്യാപകര്‍ക്ക് ലഭിക്കേണ്ടിയിരുന്ന ശമ്പള വര്‍ദ്ധനവു പോലും സര്‍ക്കാര്‍ ഇവിടെ തമസ്കരിച്ചു. അദ്ധ്യാപകരെ വെറും ഏഴാം കൂലികളായാണ് കേരള സര്‍ക്കാര്‍ കാണുന്നത് എന്നതിന് വേറെ എന്തു തെളിവാണ് വേണ്ടത്? ഇതര ജീവനക്കാരുടെയും, അസംബ്ലി അംഗങ്ങളുടെയും എല്ലാം, സേവന വേതന വ്യവസ്ഥകള്‍ യഥാസമയം പരിഷ്കരിക്കുകയും, അതും യാതൊരു ചര്‍ച്ചകളോ പബ്ലിക്ക് സ്റ്റണ്ടുകളോ കൂടാതെ നടപ്പിലാക്കുകയും ചെയ്യുന്ന സമയത്ത്, എന്തിന് കോളെജ് അദ്ധ്യാപകര്‍ക്ക്, ന്യായമായി, കേന്ദ്ര സര്‍ക്കാറിന്‍െറ ധനസഹായത്തോടെ ലഭിക്കേണ്ട ആനുകൂല്യം, അവരെ തെരുവില്‍ വരെ വലിച്ചിഴച്ച് വെറും കോമാളികളാക്കി അവസാനിപ്പിക്കുന്നത്? ഇത് കേരള സര്‍ക്കാരിന്‍െറ ഉന്നത വിദ്യാഭ്യാസ മേഖലയോടുള്ള സമീപനത്തിന്‍െറ മറ്റൊരു മുഖം മാത്രമാണ്.

നമ്മള്‍ ഒന്ന് മനസ്സിലാക്കണം. ഈ ശമ്പളപരിഷ്കരണത്തിന്‍െറ പ്രധാന വിലങ്ങുതടിയായി വര്‍ത്തിച്ചത്, CPI യുടെ നിലപാടായിരുന്നു. ഇത് കേവലം രാഷ്ട്രീയതാല്പര്യം ലാക്കാക്കിയുള്ള ഇരട്ടത്താപ്പ് നയമാണ്. ഏറ്റവും കൂടുതല്‍ തൊഴിലവസരമുള്ള ബാങ്കിംഗ് മേഖലയിലെ പ്രബലയൂണിയന്‍ AIBEA (All India Bank Employees Association), CPI യുടെ പ്രധാന പോഷക സംഘടനയാണ്. ബാങ്കിംഗ് മേഖലയിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ അവരോടൊപ്പം നിന്ന ആ CPI യാണ്, തൊഴിലവസരങ്ങള്‍ താരതമ്യേന കുറവുള്ളതും, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും, അക്കാദമിക മികവും , പ്രവര്‍ത്തി പരിചയവും കൂടുതലായി ആവശ്യമുള്ള കോളെജ് അദ്ധ്യാപകരുടെ നിയമന ചട്ടങ്ങളെ കണ്ണുമടച്ച് എതിര്‍ക്കുന്നത്. ഒന്നു മനസ്സിലാക്കണം; മികച്ച ഗവേഷകരുടെ ആവശ്യം മുന്നില്‍ കണ്ടുകൊണ്ട്, യു.ജി.സി., ഗവേഷണ പരിചയം ഉള്ളവര്‍ക്ക് നിയമനത്തിനായി കൂടുതല്‍ പരിഗണന കൊടുക്കുന്നുണ്ട്. ഇത്തരത്തിലുള്ള മികവോടെ, ശരാശരി 30-35 വയസ്സോടുകൂടിമാത്രമേ ഒരു വ്യക്തിക്ക്, അദ്ധ്യാപന നിയമനത്തിനായി എത്തിച്ചേരാന്‍ സാധിക്കയുള്ളൂ. വിദ്യാഭ്യാസമുള്ള ആര്‍ക്കും ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. അങ്ങനെയെത്തുന്ന ഈ അദ്ധ്യപകരുടെ സേവനം വെറും 15-20 വര്‍ഷം മാത്രമേ, ഈ മേഖലയ്ക് ലഭ്യമാകുന്നുള്ളൂ. ഇവിടെ ഉന്നതവിദ്യാഭ്യസമേഖലയുടെ ഗുണപരമായ മാറ്റത്തിനാണ്, ഈ രാഷ്ട്രീയ സംഘടനകളും മറ്റ് പ്രതിലോമശക്തികളും വിലങ്ങുതടിയായി നില്ക്കുന്നത്. 9 വര്‍ഷം അദ്ധ്യാപക നിയമനം നിരോധിച്ചിരുന്ന സമയത്ത്, ഈ രാഷ്ട്രീയ സംഘടനകളും, മറ്റുള്ളവരും എവിടെയായിരുന്നു?

ഈ സാഹചര്യത്തിലാണ്, നമ്മള്‍ അദ്ധ്യാപകര്‍ ആത്മപരിശോധനക്ക് തയ്യാറാകേണ്ടത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു അവസ്ഥ നമുക്ക് വന്നു ചേര്‍ന്നത്? നമുക്ക് ഒരു കൂട്ടായ്മയുണ്ടോ ? രണ്ട് അദ്ധ്യാപകസംഘടനകള്‍ നിലവിലുണ്ടെങ്കിലും, ബഹുഭൂരിപക്ഷം വരുന്ന മറ്റ് അദ്ധ്യാപകര്‍ ‍ ഭിന്നിച്ച് നില്ക്കുകയാണ്. അതുകൊണ്ട് തന്നെ, നമ്മള്‍ അദ്ധ്യാപകര്‍ക്ക്, നല്ല രീതിയില്‍ സര്‍ക്കാരിലോ, മറ്റ് അധികാരസ്ഥാനങ്ങളിലോ ഫലപ്രദമായി സമ്മര്‍ദ്ദം ചെലുത്താന്‍ സാധിക്കുന്നില്ല. നമുക്ക് അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കാതെ പോകുന്നത് ഇതുകൊണ്ടാണ്. ഇനിയുള്ളകാലം, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ , നമ്മളുള്‍പ്പെടുന്ന പൊതുമേഖലയുടെ സാന്നിദ്ധ്യം കുറഞ്ഞുവരികയാണ്. അതോടൊപ്പം നമ്മുടെ വിലപേശാനുള്ളകഴിവും. ഒന്നോര്‍ക്കുക... “United we stand, Divided we fall”

വെള്ളിയാഴ്‌ച, നവംബർ 27, 2009

മാധ്യമവും മാധ്യമ ധര്‍മ്മവും

ഇന്നു സമൂഹം സംവദിക്കുന്നത് പ്രധാനമായും മാധ്യമങ്ങളിലൂടെയാണല്ലോ? അണുകുടുംബസാഹചര്യവും സാമൂഹിക ജീവിതത്തിന്‍െറ ശൈലിയിലുണ്ടായ മാററവുമെല്ലാം നമ്മെ നമ്മിലേക്ക് ചുരുക്കി. ഇതു മലയാളീ സമൂഹത്തിന്‍െറ കാര്യത്തില്‍ വളരെ പ്രകടമാണ്. ഇന്ന്, ഒരു ശരാശരി മലയളിയുടെ സാമൂഹിക സഹവര്‍ത്തിത്വം വളരെ ചുരുങ്ങിപ്പോയിരിക്കുന്നു. ഈ സാഹചര്യത്തിലാണ്, ഒരുവന്‍ അവന്‍െറ സംവാദന ഉപാധിയായി മാധ്യമങ്ങളെ കൂടുതലായി ആശ്രയിക്കുന്നത്. പരമ്പരാഗത മാധ്യമങ്ങളായ പത്രമാധ്യമങ്ങളുണ്ട്, ദൃശ്യമാധ്യമങ്ങളുണ്ട്, ശ്രവ്യമാധ്യമങ്ങളുണ്ട്; ഇതു കൂടാതെ ഇന്‍െറര്‍നെറ്റ് എന്ന മായാമാധ്യമമാണ് സംവാദനത്തിന് ഇന്ന് കൂടുതല്‍ അവസരം ഒരുക്കിത്തരുന്നത്.

മറ്റു മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്‍െറര്‍നെറ്റിനുള്ള ഒരുസ്വഭാവവിശേഷം, അതു അനായേസേന കൈകര്യം ചെയ്യാവുന്നതും, തികച്ചും സ്വകാര്യമായി (യഥാര്‍ത്ഥത്തില്‍ സ്വകാര്യമല്ലെങ്കില്‍കൂടിയും) നമുക്ക്, ഒരുവലിയൊരു സമൂഹത്തിനോടു സംവദിക്കാന്‍ സൗകര്യം ഒരുക്കിത്തരുന്നതുമാണ്. ഈയൊരു മാധ്യമം പ്രചാരത്തിലായിട്ട്, വളരെ ചെറിയ ഒരു കാലയളവേ ആയിട്ടുള്ളൂ. ഇന്നും നമ്മുടെ സമൂഹത്തിലെ ഒരു വലിയ വിഭാഗം, ഈ മാധ്യമത്തിന്‍െറ പ്രചാരത്തില്‍ പങ്കാളിയായിട്ടില്ലാ എന്നത് മറ്റൊരു സത്യമാണ്. സ്വാഭാവികമായും യുവജനങ്ങള്‍ക്കിടയിലാണ് ഈ മധ്യമത്തിന് സ്വാധീനവും പ്രചാരവും കൂടുതലായി ഉള്ളത്. അതായത്, വളരെ ചെറിയ ഒരു കാലയളവിനുള്ളില്‍ ‍, പക്ഷെ, ഈ മാധ്യമത്തിനു സ്വാധീനശക്തിയില്‍ വളരെ മുന്‍പിലാകാന്‍ കഴിഞ്ഞു. അതു പ്രധാനമായും യുവാക്കളിലും.

നമ്മുടെ പാരമ്പര്യത്തില്‍ , തെറ്റും ശരിയും, അല്ലെങ്കില്‍ നന്മതിന്മകളേക്കുറിച്ചുള്ള അറിവ്, ഒരു വ്യക്തിയില്‍ ഉണ്ടാവുന്നത് പ്രധാനമായും അച്ഛനമ്മമാര്‍ മുതിര്‍ന്ന കുടുംബാംഗങ്ങള്‍ ‍, സമൂഹത്തിലെ മറ്റു അറിവുള്ള വ്യക്തികള്‍ , അദ്ധ്യാപകര്‍ തുടങ്ങിയവരില്‍ നിന്നാണ്. ഒരു വ്യക്തിയുടെ ശരിയായ ദിശയിലുള്ള വളര്‍ച്ചക്ക് ഇവരുടെ സ്വാധീനം വളരെ വലിയ സംഭാവനയാണ് നല്കുന്നത്. ഇത് ആ വ്യക്തിയുടെ സ്വഭാവ-ചിന്താ പ്രകൃതിയെ സാരമായി സ്വാധീനിക്കുന്നുണ്ട്. നമ്മുടെ ഈ ലോകത്തിന്‍െറ ക്രമത്തെപ്പറ്റിയും സാമൂഹിക ജീവിതത്തെപ്പറ്റിയുമെല്ലാം നല്ല അറിവും വീക്ഷണവുമുള്ളതുകൊണ്ടാണ് അവര്‍ക്ക് അനന്തരതലമുറയെ നല്ല രീതിയില്‍ നയിക്കാന്‍‍ സാധിച്ചത് അല്ലെങ്കില്‍ സാധിക്കുന്നത്. ഇതു സാധ്യമാകുന്നത്, പ്രധാനമായും ലോകപരിചയം ഉള്ളതുകൊണ്ടാണ്.

എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഇന്‍െറര്‍നെറ്റ് തുടങ്ങിയ മാധ്യമത്തെപ്പറ്റിയും അവയുടെ സ്വാധീനത്തെപ്പറ്റിയും നമ്മുടെ സമൂഹത്തിലെ ഈ 'മുതിര്‍ന്നതലമുറ'യാണ് ഏറ്റവും അജ്ഞരായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ വ്യവഹാരലോകത്ത്, അല്ലെങ്കില്‍ ഈ വിര്‍ച്ച്വല്‍ വേള്‍ഡില്‍ ഈ മുതിര്‍ന്നവരുടെ സ്വാധീനം തുലോം കുറവാണ്. ആ ഒരു കാരണം കൊണ്ടുതന്നെ, ഒരു വ്യക്തി (അവന്‍ , അവന്‍െറ ജീവിതത്തിലെ ഏറ്റവും വിജൃംഭാവസ്ഥയായ യുവത്വത്തിലാണെന്നോര്‍ക്കണം.), ഈ വിനിമയ ദേശത്തില്‍ വിഹരിക്കുമ്പോള്‍ , അവന്‍ ഏറെ സ്വതന്ത്രനാണെന്നു സ്വാഭാവികമായും കരുതും. തികച്ചും ഭൗതികമായ സ്വകാര്യതയില്‍ അവന്‍ അതിരുവിട്ടെന്നുവരാം. അവന്‍ ഈ വിനിമയ ലോകത്തില്‍ വളരെ പ്രത്യക്ഷനാണ് എന്നത് ഒരു പക്ഷേ അറിയിന്നില്ലായിരിക്കും. അത്തരത്തിലുള്ള ഒരു അവബോധം സ്വാഭാവികമായി അവനുണ്ടാകാനുള്ള ഒരു കാലയളവ് 'ഈ ലോകം' സൃഷ്ടി കൊണ്ടിട്ട് ആയിട്ടില്ല. ഈ ലോകം അവനേക്കാള്‍ ശിശുവാണെന്ന് ഓര്‍ക്കുക.

രാജ്യദ്രോഹപരമായ തെറ്റുകള്‍ അനവധി, ഈ മാധ്യമങ്ങളിലൂടെ ഉണ്ടായിട്ടുണ്ട്. ഒരു കാരണവശാലും അതു പൊറുക്കാനാവുന്നതല്ല. തീവ്രവാദപ്രവര്‍ത്തനത്തിനും മറ്റുമായി ഇന്‍െറര്‍നെറ്റ് ഉപയോഗിക്കുന്നത് ഗുരുതരമായ തെറ്റു തന്നെയണ്. ആ തെറ്റു ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടേണ്ടതുതന്നെയാണ്. എന്നാല്‍ ഇന്‍െറര്‍നെറ്റ് എന്ന മാധ്യമം ഉപയോഗിച്ചു, തെറ്റായ വിവരം (Fake id) കൊടുത്തുകൊണ്ട മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവൃത്തികള്‍ പലരും ഒരു നേരമ്പോക്കെന്ന രീതിയില്‍ ചെയ്യുന്നതായി കാണപ്പെടുന്നുണ്ട്. ചില പ്രവൃത്തികള്‍ നിര്‍ദ്ദോഷമായതും, എന്നാല്‍ മറ്റു ചിലത് വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയിലുള്ളതുമാണ്. തീര്‍ച്ചയായും അത്, ഒരു തെറ്റ് തന്നെയാണ്. ഇന്‍െറര്‍നെറ്റ് നമുക്ക് ഒരുക്കിത്തന്ന ഈ virtual world ന്‍െറ മുന്‍പറഞ്ഞ പ്രത്യേകതകള്‍ കണക്കിലെടുത്ത് മേല്‍പ്പറഞ്ഞ തരത്തിലുള്ള തെറ്റ് വരുത്തിയാല്‍ അതു തിരുത്താനുള്ള സാഹചര്യം ഇന്നത്തെ സമൂഹം ഉണ്ടാക്കിയെടുക്കണം. അതു ഒരു ക്രിമിനല്‍ കുറ്റം എന്ന രീതിയില്‍ സമൂഹം കാണരുത് എന്നു വിവക്ഷ. ഒരു ക്രിമിനല്‍ മനസ്സോടെ ചെയ്യുന്ന പ്രവൃത്തി അല്ല എന്ന് നമ്മള്‍ മനസ്സിലാക്കണം. പക്ഷെ, തെറ്റു തെറ്റുതന്നെയാണ്. അതു തിരുത്തപ്പെടണം; മേലില്‍ ആവര്‍ത്തിക്കയുമരുത്. അവിടെ വളരെ judicious ആയ ഒരു സമീപനമാണ് നമ്മുടെ സമൂഹത്തിനുണ്ടാകേണ്ടത്. ഒരു കാരണവശാലും അവര്‍ കുറ്റവാളികള്‍ എന്ന നിലയില്‍ തെറ്റിദ്ധരിക്കപ്പെടരുത്. തെറ്റു ചെയ്യുന്നവരെല്ലാം കുറ്റവാളികള്‍ അല്ലല്ലോ? എന്നാല്‍ തെറ്റ് ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള സാഹചര്യം ഉണ്ടാവുകയും വേണം.

അടുത്തകാലത്തുണ്ടായ ഇത്തരത്തിലുള്ള ഒരുതെറ്റ് സി.പി.എം. സംസ്ഥാന സെക്രട്ടറി ശ്രീ. പിണറായി വിജയന്‍െറ വസതി എന്നപേരില്‍ തെറ്റായ വിവരം ഇന്‍െറര്‍നെറ്റ് വഴി കൈമാറി എന്നുള്ളതാണ്. നമ്മുടെ മുന്‍നിര പത്രമാധ്യമങ്ങള്‍ മോശമല്ലാത്ത coverage നല്കി ഈ വാര്‍ത്തക്ക് വലിയപ്രാധാന്യം നല്കുകയും ചെയ്തു. ഈ തെറ്റു ചെയ്തവരില്‍ ഉള്‍പ്പെട്ടവര്‍ എന്നനിലക്ക് മൂന്നു യുവാക്കളുടെ പേരുവിവരവും മറ്റു വിശദാംശങ്ങളും പ്രാധാന്യത്തോടുകൂടിത്തന്നെ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.. എന്തിനേറെ, ആ കുട്ടികളുടെ ഫോട്ടോ പോലും പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഈ വ്യക്തികള്‍ തെറ്റു ചെയ്തില്ല എന്നു പറയുന്നില്ല. പക്ഷെ അവരെ സമൂഹത്തിനു മുന്നില്‍ ഇത്തരത്തില്‍ പ്രസിദ്ധപ്പെടുത്തിയതിലൂടെ, അവര്‍ കുറ്റവാളികള്‍ എന്നു തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഇതേ പത്രമധ്യമങ്ങള്‍ നഗരത്തിലെ ഒരു സ്വകാര്യാശുപത്രി ഏതെങ്കിലും രീതിയില്‍ അത്യധികം ഗൗരവകരമായ കാര്യത്തിന് ആരോപണവിധേയമായാല്‍ ആശുപത്രിതുടെ പേരു പറയാതിരിക്കും. 'ഒരു സ്വകാര്യാശുപത്രി' എന്നു മാത്രമാണ് അവര്‍ പറയുക. ഒരു പ്രധാന ഹോട്ടല്‍ ഭക്ഷ്യവിഷബാധപോലുള്ള കാര്യത്തിന് കുറ്റാരോപണവിധേയമായാല്‍ ആ ഹോട്ടലിന്‍െറ പേര് ഒരു കാരണവശാലും പ്രസിദ്ധപ്പെടുത്തുകയില്ല. എന്തിനേറെ, ഒരു പ്രമുഖന്‍ ഒരു കുറ്റകൃത്ത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അയാളുടെ പേരു ഒരു കാരണവശാലും ഈ മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തില്ല എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ഓര്‍ക്കുക ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും തുല്ല്യാവകാശമാണ് തന്നിട്ടുള്ളത്. അവിടെ പ്രമുഖന്‍ എന്നോ, സാധാരണക്കാരന്‍ എന്നോ വ്യത്യാസമില്ല. എന്നാല്‍ മുന്‍ പറഞ്ഞ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു എന്നപേരില്‍ ഈ വ്യക്തികളെ ഇത്തരത്തില്‍‍ സമൂഹത്തിനു മുന്നില്‍ expose ചെയ്തത്, ധാര്‍മികമായി എത്ര ശരിയാണെന്നു നമ്മള്‍ ചിന്തിക്കണം.



Kerala Tour