ബുധനാഴ്‌ച, ജൂലൈ 22, 2026

അതിര്

ജീവിതത്തിലെ പല സന്ദർഭങ്ങളിലും നേരിടേണ്ടിവന്ന നിസ്സഹായത വേണുവിനെ സംബന്ധിച്ചിടത്തോളം പുതിയൊരു അനുഭവമായിരുന്നില്ല. അന്നത്തെ ഇന്റർവ്യൂ കഴിഞ്ഞ് ആ വലിയ ഓഫീസ് സമുച്ചയത്തിന് പുറത്തേക്കിറങ്ങിയപ്പോഴും, "ഇനി എന്ത്?" എന്ന ചോദ്യം മനസ്സിൽ ഉയർന്നു. വ്യക്തമായൊരു ഉത്തരമില്ലായിരുന്നു. എങ്കിലും കാലം മുന്നോട്ടുപോകേണ്ടതുണ്ട്. ജീവിതത്തിന്റെ ഒഴുക്കിനൊപ്പം നീന്തിയാൽ എവിടെയെങ്കിലും ഒരു നല്ല തീരത്ത് എത്തിച്ചേരാനാകുമെന്ന ശുഭാപ്തിവിശ്വാസം അവന് അല്പമെങ്കിലും ഊർജ്ജം പകർന്നു.


വീട്ടിലെത്തിയപ്പോൾ, പ്രതീക്ഷയോടെ കാത്തിരുന്ന അമ്മയുടെ പ്രസന്നവും ആകാംക്ഷാഭരിതവുമായ മുഖം കണ്ടപ്പോൾ എന്ത് പറയണമെന്നറിയാതെ അവൻ ഒരു നിമിഷം പതറി. പിന്നീട് ആത്മസംയമനം വീണ്ടെടുത്ത് അമ്മയെ നോക്കി മന്ദഹസിച്ചു. ആ അമ്മയ്ക്കും മകനും ഇടയിൽ പടർന്ന മൗനം വാക്കുകളേക്കാൾ വാചാലമായിരുന്നു.


പെൻഷൻ വാങ്ങാൻ പോയിരുന്ന അച്ഛൻ തിരിച്ചെത്തിയോ എന്ന് അന്വേഷിച്ചപ്പോൾ, ഊണ് കഴിഞ്ഞ് അദ്ദേഹം ഉറങ്ങുകയാണെന്ന് അമ്മ പറഞ്ഞു. വിരമിക്കുന്നതിന് മുമ്പുതന്നെ അച്ഛന്റെ ഏറ്റവും വലിയ വേവലാതി ഏകമകനായ വേണുവിന് ഒരു സർക്കാർ ജോലി ലഭിച്ചില്ല എന്നതായിരുന്നു.


എം.എസ്.സി. ഉയർന്ന ക്ലാസോടെ വിജയിച്ചിട്ടും, മികച്ചൊരു ഗവേഷണ സ്ഥാപനത്തിൽ ഗവേഷണം നടത്തണമെന്നത് വേണുവിന്റെ ദീർഘകാല സ്വപ്നമായി തുടരുകയായിരുന്നു. എന്നാൽ, "ഇത്രയും കാലം പഠിച്ചിട്ടും ഒരു ജോലി കിട്ടിയില്ലേ?" എന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യം അവന്റെ മനസ്സിൽ നിരന്തരം മുഴങ്ങുന്ന അസ്വസ്ഥമായ പ്രതിധ്വനിയായി മാറിയിരുന്നു.


അതിനിടെയാണ് ബാംഗ്ലൂരിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്റ്റ് ഫെലോ ആയി നിയമന ഉത്തരവ് ലഭിച്ചത്. പ്രിയപ്പെട്ട അധ്യാപകന്റെ മാർഗനിർദേശത്തിൽ ഗവേഷണം നടത്താനുള്ള അവസരവും അതോടൊപ്പം ലഭിച്ചു. ആ വാർത്ത വേണുവിന് പുതിയൊരു പ്രതീക്ഷയുടെ വെളിച്ചമായിരുന്നു. അടുത്ത ആഴ്ച തന്നെ ബാംഗ്ലൂരിൽ എത്തിച്ചേരണമെന്ന നിർദേശം അല്പം അസ്വസ്ഥനാക്കിയെങ്കിലും, തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകാൻ അവൻ തയ്യാറായില്ല.


"അടുത്ത ആഴ്ച ബാംഗ്ലൂരിലേക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ പോകുകയാണ്," എന്ന് അവൻ അമ്മയോട് പറഞ്ഞു.


ഒരു നിമിഷം മിണ്ടാതിരുന്ന അമ്മ ചോദിച്ചു:


"എന്നിട്ട്... നീ ഇനി എന്ന് തിരിച്ചു വരും?"


അവൻ ശാന്തമായി മറുപടി പറഞ്ഞു.


"ഞാൻ ബാംഗ്ലൂരിൽ വളരെ പ്രശസ്തമായ ഒരു ഗവേഷണ സ്ഥാപനത്തിൽ പ്രോജക്റ്റ് ഫെലോ ആയി ജോലിക്ക് പോകുകയാണ്. അതോടൊപ്പം എന്റെ ഇഷ്ടവിഷയത്തിൽ ഗവേഷണവും ആരംഭിക്കും. ഇനി എന്ന് തിരിച്ചു വരുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല."


അമ്മ വീണ്ടും ഒന്നും പറഞ്ഞില്ല. ജനലിലൂടെ പുറത്തേക്ക് ദീർഘനേരം നോക്കിനിന്ന ശേഷം, മന്ദസ്വരത്തിൽ പറഞ്ഞു.


"അപ്പോൾ ഇനി ഞങ്ങൾ രണ്ടുപേരും ഇവിടെ തനിച്ചല്ലേ?"


ആ വാക്കുകൾ കേട്ട നിമിഷം വേണുവിന്റെ ഉള്ളിൽ എന്തോ ഒടിഞ്ഞു. ആ അമ്മയുടെ ലോകം വളരെ ചെറുതായിരുന്നു. അതിൽ അച്ഛനും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എഴുപതിനോടടുത്ത അച്ഛൻ വാർധക്യത്തിന്റെ അവശതകളിലേക്ക് പതുക്കെ വഴുതിവീഴുകയായിരുന്നു.


ആ നിമിഷം വേണുവിന് തന്റെ അമ്മയെ നിറഞ്ഞൊഴുകുന്ന പുഴയുടെ നടുവിൽ തോണിക്കാരനില്ലാത്ത ഒരു തോണിയിൽ ഒറ്റയ്ക്കിരിക്കുന്ന നിസ്സഹായയായ സ്ത്രീയായി തോന്നി.


ജീവിതത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും അവൻ വീണ്ടും ചിന്തിച്ചു. ഒരു വ്യക്തി എന്ന നിലയിൽ തന്റെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്ന് അവൻ സ്വയം ചോദിച്ചു. ജീവിതം എന്ന യാത്രയിൽ ഒരാളുടെ സ്വപ്നങ്ങൾക്ക് മാത്രമല്ല, മറ്റുള്ളവരുടെ പ്രതീക്ഷകൾക്കും സ്ഥാനമുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു.


ആ തിരിച്ചറിവിന്റെ നിശ്ശബ്ദ നിമിഷത്തിൽ, വേണു തന്റെ അതിര് കണ്ടെത്തുകയായിരുന്നു.

അപരിചിതൻ

മനുജൻ എന്നും അപരിചിതൻ 

ഓരോ ദിനവും അപരിചിതം 

ഓരോ ശ്വാസവും അപരിചിതം 

അപരിചിതം മാത്രം പരിചിതമാകും 


ജീവിതമെന്ന പന്ഥാവിൽ 

ഏകനായി പ്രയാണം തുടരുമ്പോൾ 

അപരിചിതമായ ഇഹലോകത്ത് 

പരിചിതമായത് അപരിചിതത്വം മാത്രം 


അനുപമമായ സത്യമതാകെ 

അനുസരണയോടെ രമിക്കും എന്നെ 

അനുതാപമോടെ കൈപിടിക്കുന്ന 

അപരിചിതനെ ഞാൻ ഹൃതാ വേൾക്കുന്നു 


തുടിക്കുന്ന സത്യം അലട്ടുന്നു എന്നെ നിത്യം 

ഞാനാരെന്ന് ചോദിക്കുന്ന മഹത്തുക്കൾക്ക് 

'ഞാൻ' കേവലം അപരിചിതൻ മാത്രം 

അത് മാത്രമാണ് നിതാന്ത സത്യം