ഗോപാലബാലക ഗോകുലബാലക
ഗോപിമനോഹരാ രാധാകൃഷ്‌ണാ
കായാമ്പു വർണനാം കൃഷ്ണ ഭഗവാന്റെ
മായാ വിലാസങ്ങൾ ആർക്കറിയാം
പണ്ടൊരു കാലം ഗുരുവായൂർ ശാന്തിക്കങ്ങു-
ണ്ടായോരുന്നിതോരന്തണേശൻ
പുത്രനെ പൂജക്കങ്ങേൽപ്പിച്ചൊരുദിനം
തത്രഗമിച്ചിതു ശ്രാദ്ധത്തിനായി
എന്നും ഗുരുവായൂരപ്പൻ നിവേദ്യത്തെ
നന്നായി ഭക്ഷിക്കാറുണ്ടെന്നോർത്ത്
അന്ന് ഭുജിച്ചു കാണായ്കനിമിത്തമായി
ഉണ്ണി വിഷണ്ണനായി തീർന്നിതപ്പോൾ
നല്ല പദാർത്ഥങ്ങളില്ലാഞ്ഞിട്ടായിടാം
മല്ലാരി ഊണ് കഴിക്കാഞ്ഞത്
എന്നോർത്തടുത്തുള്ളൊരാലയം
തന്നിൽ ചെന്നുപ്പുമാങ്ങായും ഉറതൈരും
ഓടിപ്പോയി കൊണ്ടുവന്നു ഭക്തിസംയുക്തനായ്
കോടക്കാർവർണ്ണന്റെ മുമ്പിൽ വച്ചു
ഉണ്ണുവാനായി പറഞ്ഞിതു പിന്നെയും
കണ്ണൻതാൻ അപ്പോഴും ഉണ്ടതില്ല
അന്നേരം ദുഃഖം കലർന്നുടനുണ്ണിയും
അർണോജനേത്രനോടായുണർത്തി
ഉപ്പുമാങ്ങായുമുറതൈരുമുണ്ടിനി
കയ്പക്ക കൊണ്ടാട്ടം വേണോകൃഷ്ണ
ഊണുകഴിക്കാഞ്ഞാലയ്യോ വിശന്നിടും
ക്ഷീണിച്ചു പോയീടും ദേഹമേറ്റം
അച്ഛൻ വന്നാലെന്നെ തല്ലുമറിഞ്ഞാലും
അച്ച്യുതാ ഊണുകഴിച്ചില്ലെങ്കിൽ
ഇത്തരം ബാലന്റെ ദീനപ്രലാപം കേ-
ട്ടർജ്ജുന സൂതനനായ കൃഷ്ണൻ
തന്നെ ഭജിക്കുന്നവർക്കുതൻ സ്വാധീനം
എന്നും ജനങ്ങൾക്ക് കാണിപ്പാനായി
ദേവത്വമപ്പോൾ മറന്ന ഭാവത്തോടാ
നിവേദ്യമെല്ലാം ഭുജിച്ചു കൃഷ്ണൻ
എന്നതുകണ്ടു ധരണിസുതാത്മജൻ
ഉന്നതനാനന്ദമഗ്നനായി
പാത്രം പുറത്തേക്കു വച്ചൊരു നേരത്ത്
കാത്തു നിന്നീടും കഴകക്കാരൻ
ഭാജനം തന്നിലൊരുവറ്റും കാണാഞ്ഞു
ഭോജനം ഉണ്ണി കഴിച്ചെന്നോർത്ത്
പാരം കുപിതനായി ചൊല്ലിനാനിത്തരം
നേരുള്ളൊരുണ്ണിയെ നോക്കിവേഗം
സാമർത്ഥ്യം നന്നുനന്നെത്രയും നിന്നുടെ
ശാന്തി നിമിത്തമോ പട്ടിണിയായി
ചോറുമുഴുവനകത്തിരിന്നുണ്ടിട്ട്
പാരാതെ പാത്രം പുറത്തുമിട്ടു
ആരിതുമോറുവാൻ വാലിയക്കാരുണ്ടോ
അച്ഛൻ വരട്ടെ ഞാൻ കാട്ടിത്തരാം
ആക്ഷേപിച്ചുണ്ണിയോടിത്തരം ചൊല്ലീട്ട്
അക്ഷിതി ദേവൻ വന്നപ്പോഴോതി
ശിക്ഷിപ്പാനുണ്ണിയെ അച്ഛൻ മുതിർന്നപ്പോൾ
പക്ഷീന്ദ്രവാഹനൻ മാരുതേശൻ
ശ്രീലകം തന്നിൽനിന്നേവമരുൾ ചെയ്തു
ബാലനെ തല്ലേണ്ട ഉണ്ടതു ഞാൻ
ഗംഭീരമാകും അശരീരി കേട്ടപ്പോൾ
അമ്പരന്നെല്ലാരും സംഭ്രമിച്ചു
ഉണ്ണിയെ വാഴ്ത്തി സ്തുതിച്ചവരെല്ലാരും
കണ്ണന്റെ വൈഭവം ചിത്രം ചിത്രം
നെന്മേനി ഇല്ലത്തെ കുഞ്ഞുണ്ണിയാണുപോൽ
നമ്മുടെ സൽക്കഥാപാത്രമായോൻ
ഉത്തമശ്ലോകന്റെ വാർത്ത ഞാൻ ചൊല്ലിനാൻ
തത്ര പരായണൻ നിൻകൃപയാൽ
ഭക്തിയോടിക്കഥ ചൊല്ലും ജനങ്ങൾക്ക്
ഭക്തിയും മുക്തിയും സംഭവിക്കും
ഗോപാലബാലക ഗോകുലബാലക
ഗോപിമനോഹരാ രാധാകൃഷ്‌ണാ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ